2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

വിദ്വേഷ പരാമർശങ്ങൾക്ക് ശക്തമായ നടപടിയെടുക്കണംആസാദിയുടെ അമൃത് മഹോത്സവം ആസേതുഹിമാചലം കൊണ്ടാടുന്ന വേളയില്‍ അതിന്റെ മഹത്വം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നിയമനിര്‍മാതാക്കളായ എം.പിമാര്‍ കടന്നുചെന്നത്. പ്രധാനമന്ത്രിയും എം.പിമാരും ഭരണഘടനാ പകര്‍പ്പ് കൈയിലേന്തി പാര്‍ലമെന്റിലേക്ക് നടന്നുകയറിയപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യ മനസ് ആശ്വാസംകൊണ്ടു. എന്നാല്‍ പാർലമെൻ്റിൻ്റെ രണ്ടാം ദിവസം ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വര്‍ഗീയ വിഷം തുപ്പിയ വാക്കുകളുമായി ബി.ജെ.പി അംഗം അഴിഞ്ഞാടുന്നതിനാണ് സഭ സാക്ഷിയായത്.

ബി.എസ്.പി അംഗം ഡാനിഷ് അലിക്കെതിരേ ആക്രോശിച്ചുകൊണ്ട് രമേശ് ബിദൂരി എന്ന ബി.ജെ.പി അംഗം നടത്തിയ അധിക്ഷേപം രാജ്യത്തിനുതന്നെ അപമാനമായി മാറി. ലോകം ആദരിക്കുകയും പകര്‍ത്തുകയും ചെയ്ത പ്രസ്താവനകളും പ്രസംഗങ്ങളും പിറവിയെടുത്ത ലോക്സഭയില്‍ നിന്നാണ് അങ്ങേയറ്റം മലീമസമായ വാക്കുകളാല്‍ ബി.ജെ.പി അംഗം രാജ്യത്തിന്റെ പാരമ്പര്യത്തിനും യശസിനും മേല്‍ കാര്‍ക്കിച്ച് തുപ്പിയത്.


ചന്ദ്രയാന്‍ നേട്ടത്തിന്റെ പേരില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയെ അഭിനന്ദിക്കുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് രമേശ് ബിദൂരി ഡാനിഷ് അലിക്കെതിരേ ഉറഞ്ഞുതുള്ളിയത്. തീവ്രവാദി, മുല്ല, മുക്രി തുടങ്ങി വിദ്വേഷവും പരിഹാസവും ഉള്‍ച്ചേര്‍ന്ന വാക്കുകളാല്‍ ബിധുരി അധിക്ഷേപം ചൊരിയുകയായിരുന്നു. രമേശ് ബിദൂരി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കെ, ചോദ്യവുമായി ഡാനിഷ് അലി ഇടപെട്ടതാണത്രെ അയാളെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കുന്നതിനിടെ ഭരണ-പ്രതിപക്ഷത്തു നിന്നുള്ള ഏതംഗത്തിനും ഇടപെടാന്‍ ചട്ടപ്രകാരം അനുവാദമുണ്ട്. പ്രാസംഗികന്‍ വഴങ്ങിയാല്‍ ചോദ്യം ഉന്നയിച്ച ആള്‍ക്ക് സംസാരിക്കാനും കഴിയും.

   

നിയമവും നടപടിക്രമങ്ങളും ഇതാണെന്നിരിക്കെ എന്തിനാണ് ഇത്രയും മോശമായ പദപ്രയോഗങ്ങളോടെ ഡാനിഷ് അലിയെ രമേശ് ബിദൂരി അപമാനിച്ചത്.
അധിക്ഷേപ വാക്കുകള്‍ സഭാരേഖകളില്‍നിന്ന് നീക്കുന്നുവെന്ന പ്രാഥമിക നടപടിയോടെ ട്രഷറിബെഞ്ച് ആ വിഷയം കൈയൊഴിയാന്‍ നോക്കുകയാണ്. എന്നാല്‍, വര്‍ഗീയ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. വിഷയം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ അധിക്ഷേപത്തെ സഭയില്‍ അപലപിക്കാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തയാറായി. എന്നാല്‍, രമേശ് ബിധുരിക്കെതിരേ ലഘുവായ നടപടികളില്‍ വിഷയം ഒതുക്കിനിര്‍ത്താനാണ് ഭരണപക്ഷം ശ്രമിച്ചത്.

പ്രധാനമന്ത്രി സംസാരിക്കാത്തതിന്റെ പേരില്‍ വ്യംഗ്യഭാഷേന വിമര്‍ശനം നടത്തിയതിന്റെ പേരിലാണ് കഴിഞ്ഞ സഭാസമ്മേളന കാലത്ത് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ ആധിര്‍ രഞ്ജന്‍ ചൗധരിയെ സമ്മേളന കാലയളവിലേക്ക് സസ്‌പെന്റ് ചെയ്തത്. ആധിര്‍ രഞ്ജന്‍ ചൗധരിയുടെ നിസാര കുറ്റം പര്‍വതീകരിച്ച് കാണാന്‍ കഴിഞ്ഞ ഭരണകൂടത്തിന് പക്ഷേ രമേശ് ബിധുരിയുടെ നേരിട്ടുള്ള വര്‍ഗീയ ആക്രമണത്തെ നിസാരവത്കരിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് അമൃത് കാലത്തെ പുതിയ കാഴ്ച.


രാജ്യത്തിന്റെ പൊതുമനസിനെ വല്ലാതെ അസ്വസ്ഥമാക്കിയ രമേശ് ബിദൂരിയുടെ വിഷവാക്കുകള്‍ ഡാനിഷ് അലിയെ മാത്രമല്ല, കണ്ടും കേട്ടും സമീപത്തിരിക്കുന്നവരെയും പുറത്തുള്ളവരെയും വല്ലാതെ അസ്വസ്ഥമാക്കി. എന്നാല്‍ അദ്ദേഹത്തിൻ്റെ പാര്‍ട്ടി നേതൃത്വത്തിന് അതൊന്നും വലിയ വിഷയമായി തേന്നിയതേയില്ല. ബിദൂരിയുടെ അധിക്ഷേപം തുടരുന്നതിനിടെ സമീപത്ത് ഇരിക്കുകയായിരുന്ന മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ഹര്‍ഷവര്‍ധന്‍ അതാസ്വദിച്ച് ചിരിക്കുന്നതിനും ലോകം സാക്ഷിയായി. ഒരാള്‍ മറ്റൊരംഗത്തെ ഏറ്റവും ഹീന ഭാഷയില്‍ അധിക്ഷേപിക്കുമ്പോള്‍ വിലക്കാനോ തിരുത്താനോ പരിചയ സമ്പന്ന പാര്‍ലമെന്റേറിയന്‍ കൂടിയായ ഹര്‍ഷവര്‍ധന് മനസുണ്ടായില്ല.

ഒരുപക്ഷേ മോദിക്കാലത്തെ രീതിയായിരിക്കാം ഇത്. മുസ്‌ലിംകളെ അധിക്ഷേപിക്കുന്നത് സാധാരണമാണ് എന്ന ന്യായീകരണത്തിലേക്കാണ് ഹര്‍ഷവര്‍ധൻ ഉള്‍പ്പെടെയുള്ളവരുടെ മനോഗതിയെന്ന് പറയാതിരിക്കാനാവില്ല.
മുസ്‌ലിം ആയതിന്റെ പേരിലാണ് ഡാനിഷ് അലിക്ക് ഇത്തരത്തില്‍ അധിക്ഷേപം കേള്‍ക്കേണ്ടിവന്നത്. ഇത് അദ്ദേഹത്തിന് എതിരായി മാത്രം ഉയരുന്നതല്ല. രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ മാത്രമല്ല, ഭരണഘടനാ സ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഫോറങ്ങളിലും തൊഴില്‍-സാംസ്‌കാരിക-സാമൂഹിക ഇടങ്ങളിലും മുസ്‌ലിം, പിന്നോക്ക, ദലിത് വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നേരെ കൈചൂണ്ടുന്നതും അവരെ ജാതിയും മതവും പറഞ്ഞ് ആക്ഷേപിക്കുന്നതും ഹിന്ദുത്വ ആശയപ്രചാരകരുടെ ക്രൂരവിനോദമായി മാറിയിട്ടുണ്ട്.

അത്തരം വിദ്വേഷവാക്കുകള്‍ സമൂഹത്തിലെ ഉന്നതരെന്ന് കരുതുന്നവരില്‍നിന്ന് മാത്രമല്ല, എല്ലാ ശ്രേണിയിലുള്ളവരില്‍ നിന്നും പുറത്തുചാടുന്നുണ്ട്. ഏറ്റവും മ്ലേച്ഛ പദപ്രയോഗങ്ങളിലൂടെ മുസ്‌ലിം, ദലിത്, പിന്നോക്ക ജനവിഭാഗങ്ങളെ അധിക്ഷേപിക്കുന്നതും ചിത്രവധം ചെയ്യുന്നതും തങ്ങളുടെ നിയോഗമായി കരുതുന്ന ചില തീവ്രഹിന്ദുത്വ സംഘടനാ നേതാക്കള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് വായില്‍ തോന്നുന്നത് എവിടെയും എപ്പോഴും വിളിച്ചുപറയാമെന്ന ധിക്കാരവും ഒരളവോളം അധികാരവും ഉണ്ടെന്നാണ് അലിഖിത നിയമം. സംഘ്പരിവാര്‍ സ്വാധീനമുള്ളതും ബി.ജെ.പി ഭരണത്തിലുള്ളതുമായ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നൂറുകണക്കിന് വിദ്വേഷ പ്രചാരകരെ വിഷം തുപ്പാന്‍ നിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും സര്‍വ സാധാരണമായി കാണുന്നതും കേള്‍ക്കുന്നതുമാണിത്.


തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ മുസ്‌ലിംവിരുദ്ധ പ്രചാരണം നടത്തുന്നത് അചാരമെന്ന് കരുതുന്ന സംഘ്പരിവാര്‍ നേതാക്കളുടെ കൂട്ടത്തിലൊരാള്‍ മാത്രമല്ല രമേശ് ബിധുരി, ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധി കൂടിയാണ്. ആ മാന്യതയും മര്യാദയും തന്റെ വാക്കുകളിലും പെരുമാറ്റത്തിലും പ്രകടമാക്കാനുള്ള ഉത്തരവാദിത്വംകൂടി ജനപ്രതിനിധിക്കുണ്ട്. എന്തായാലും ലോക്സഭയുടെ മഹിത പാരമ്പര്യം കാത്തുസൂക്ഷിക്കാനെങ്കിലും ഇത്തരം വര്‍ഗീയ കോമരങ്ങളെ നിലക്ക് നിര്‍ത്താനും ശക്തമായ നടപടിയെടുക്കാനും സഭയുടെ അധ്യക്ഷന് കഴിയണം. ജനാധിപത്യ, മതേതര ഇന്ത്യ അതാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:Strong action should be taken against hate speechകമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.