2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വടക്കഞ്ചേരി അപകടം: വലിയ അപകടം ഉണ്ടായാല്‍ മാത്രം പരിശോധന ശക്തമാക്കുന്ന രീതി മാറ്റണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വടക്കഞ്ചേരിയല്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിലിടിച്ച് വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണം. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാക്കുന്ന രീതിയില്‍ നിന്നും മാറി നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം:

അങ്ങേയറ്റം വേദനാജനകമായ വാര്‍ത്തയാണ് പുലര്‍ച്ചെ കേട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റര്‍ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയുള്ള നിയമം നിലനില്‍ക്കെ ‘ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാന്‍ സാധിച്ചത്? മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണം. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാക്കുന്ന രീതിയില്‍ നിന്നും മാറി നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയര്‍ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകള്‍ നിരത്തുകളില്‍ ചീറിപ്പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ നടക്കുന്ന സീസണ്‍ ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സ്‌കൂളുകളും ശ്രദ്ധിക്കണം.മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ പരിശോധകളും പൂര്‍ത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.