2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം’; കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിക്ക് വിശേഷണങ്ങളേറെ

കോടികള്‍ വിലയുള്ള കടലിലൊഴുകുന്ന അമൂല്യ വസ്തുവാണ്‌ ആമ്പര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദി. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നും ഇവയെ വിശേഷിപ്പിക്കുന്നുണ്ട്. ഇതിന്റെ മൂല്യം കൊണ്ടാണ് ഇവയ്ക്ക് ഇത്തരമൊരു പേരു ലഭിച്ചതും. ഏകദേശം ഒരു കിലോ തൂക്കം വരുന്ന ആമ്പര്‍ഗ്രിസിന് ഒരു കോടി വരെ വിലയുണ്ട്.

ആമ്പര്‍ഗ്രിസില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ആംബറിന്‍ എന്ന വസ്തു സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നവയാണ്. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കും എന്നതാണ് ഇവ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ കാരണം. വിദേശ രാജ്യങ്ങളിലെ വലിയ പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ് ആമ്പര്‍ഗ്രിസ് പെര്‍ഫ്യുമുകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഒമാന്‍ തീരം, ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.

പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി പ്രീമിയം പെര്‍ഫ്യൂമുകള്‍ക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെര്‍ഫ്യൂം ബ്രാന്‍ഡുകളായ ചാനല്‍, ഗിവഞ്ചി, ഗുച്ചി എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പര്‍ഗ്രീസ് ചേര്‍ത്ത സുഗന്ധദ്രവ്യങ്ങള്‍ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയില്‍ ഇതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

1970 മുതല്‍ സ്‌പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ഇന്ത്യയില്‍ ആമ്പര്‍ഗ്രിസിന്റെ സംഭരണവും വില്‍പ്പനയും നിയമവിരുദ്ധമാക്കി. ലൈസന്‍സ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വില്‍ക്കുന്നതും കൈവശവും വെക്കുന്നതും കുറകരമാണ്.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ആമ്പര്‍ഗ്രിസിന്റെ വ്യാപാരം നിയമവിധേയമാണ്. എന്നാല്‍ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ആമ്പര്‍ഗ്രിസിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാര്‍ഗമായാണ് പല രാജ്യങ്ങളും ആമ്പര്‍ഗ്രിസിന്റെ വ്യാപാരത്തിന് നിരോധനമേര്‍പ്പെടുത്തിയത്.

തിമിംഗലങ്ങളില്‍ നിന്നുലഭിച്ച മുപ്പത് കോടി രൂപ വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് എന്ന വസ്തു വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേരെ തൃശൂരിലെ ചേറ്റുവയില്‍ നിന്ന് വനംവകുപ്പ് വിജിലന്‍സ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ആമ്പര്‍ഗ്രിസിന്റെ മണമെന്ത്?

ആദ്യമായി കടലില്‍ എത്തുന്ന ആമ്പര്‍ഗ്രിസ് കൂടുതല്‍ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാല്‍ വര്‍ഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലില്‍ കിടക്കുമ്പോള്‍ ഇവ കൂടുതല്‍ മൃദുവാവുകയും സങ്കീര്‍ണ്ണമായ വാസനകള്‍ (നല്ല പുകയില, പഴകിയ തടി, കടല്‍ പായല്‍, ചന്ദനം തുടങ്ങിയവയുടെ) ആവാഹിക്കുകയും ചെയ്യും. തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്ന് സീകരിക്കുന്നവയെ ‘ബോഡി ആമ്പര്‍ഗ്രിസ്’ എന്നും കടലില്‍ പൊങ്ങിക്കിടക്കുന്നവയെ ‘ഫ്‌ലോട്ട്‌സം’ എന്നും പ്രവാഹങ്ങളിലൂടെ തീരത്ത് എത്തുന്നവയെ ‘ജെറ്റ്‌സം’ എന്നും പറയും. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.