2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹൃദയംതൊട്ട വാക്കുകളുടെ മുഴക്കം

തന്‍സീര്‍ കാവുന്തറ

കോഴിക്കോട്: മതപ്രഭാഷണത്തിന്റെ ശൈലിയിലും വിഷയത്തിലും വ്യത്യസ്തത പുലര്‍ത്തി ശ്രോദ്ധാക്കളുടെ മനസ്സില്‍ ചേക്കേറിയ പണ്ഡിതനായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. വിശുദ്ധ ഖുര്‍ആനും ബൈബിളും ഭഗവത്ഗീതയും ഉപനിഷത്തുകളും ഭരണഘടനയും ഇന്ത്യന്‍ പീനല്‍ കോഡുമെല്ലാം അനുസ്യൂതം പ്രവഹിച്ച പ്രഭാഷണ ശൈലിയാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെ ആ കാലത്ത് വേറിട്ടു നിര്‍ത്തിയത്.കണ്ടും കേട്ടും പരിചയിച്ച പ്രബോധന സദസുകളില്‍ നിന്നും വിഭിന്നമായി
കവിതകളും വിശ്വസാഹിത്യ കൃതികളും മലയാളത്തിലും ഇംഗ്ലീഷിലും ഇടതടവില്ലാതെ ആ പ്രഭാഷണത്തില്‍ ഒഴുകിയെത്തി.

പതിനെട്ടാം വയസ്സില്‍ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിലായിരുന്നു ആദ്യ പ്രഭാഷണം. ആത്മവിദ്യാസംഘത്തിന്റെ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചു.ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തില്‍ ഏഴു ദിവസത്തേക്കാണ് പ്രഭാഷണം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തി. പലപ്പോഴും പ്രസംഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു.കെ.കെ വാസുദേവന്‍ നായര്‍ വൈലിത്തറയുടെ പ്രഭാഷണം കേള്‍ക്കുകയും 1964ല്‍ ‘മലയാള രാജ്യത്തില്‍’ അദ്ദേഹം നീണ്ട ലേഖനം എഴുതുകയും ചെയ്തു.മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് പ്രദേശങ്ങളിലും പ്രഭാഷണ പരമ്പരകള്‍ നടത്തി. പാലക്കാട് കല്‍മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാത്തതു കൊണ്ട് ഗ്യാലറി ഒരുക്കേണ്ടി വന്നു.

ബദ്രിയ്യത്ത് ഹംസിയ്യ ചൊല്ലിത്തീര്‍ത്ത ശേഷമായിരുന്നു വൈലിത്തറ പ്രഭാഷണം തുടങ്ങുക. ഓരോ വിഷയവും സമഗ്രമായി പഠനം നടത്തിയ ശേഷമാണ് അവതരിപ്പിച്ചിരുന്നത്.ശ്രദ്ധയാകര്‍ഷിക്കുന്ന ഫലിതങ്ങളും പ്രഭാഷണത്തെ മികവുറ്റതാക്കി.ചെറുവാപറമ്പില്‍ വീട് എന്ന വൈലിത്തറയുടെ തറവാട് ഇടപ്പള്ളി രാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് 400 ഹൈന്ദവ കുടുംബങ്ങള്‍ക്കിടയിലെ ഏക മുസ്‌ലിം കുടുംബമായിരുന്നു . അക്ഷരം പഠിപ്പിച്ചത് ചൊല്ലിക്കാട്ടില്‍ ഗോവിന്ദന്‍ ആശാന്‍ ആയിരുന്നു.

പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാറായിരുന്നു ആദ്യഗുരു. പിതാവിന്റെ പേര് തന്നെയാണ് മകനും നല്‍കിയത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ഓച്ചിറ ഉസ്താദ് തുടങ്ങിയവരുടെ ശിഷ്യനായിരുന്നു പിതാവ്. വീട്ടില്‍ ഖുര്‍ആന്‍ പാരായണത്തില്‍ പ്രാവീണ്യമുള്ളവരെ പ്രത്യേകം താമസിപ്പിച്ചിരുന്നു.ഖുര്‍ആന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചത് നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൈതീന്‍ കുഞ്ഞ് മുസ് ലിയാരും ഹൈദ്രോസ് മുസ് ലിയാരുമായിരുന്നു. കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് ആലി മുസലിയാര്‍, വടുതല കുഞ്ഞുവാവ മുസലിയാര്‍ എന്നിവരാണ്. പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ന്നു. മസ്ജിദുല്‍ ഹറമിനടുത്ത് ദീര്‍ഘകാലം ദര്‍സ് നടത്തിയ പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരായിരുന്നു ഉസ്താദ്. പതിനാലാം വയസ്സില്‍ പിതാവിന്റെ ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാരുടെ ദര്‍സില്‍ ചേര്‍ത്തു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ തുറന്നിട്ടു.

വേമ്പനാട്ടില്‍ ദര്‍സില്‍ ഇംഗ്ലീഷ് പഠിക്കാനും സൗകര്യമുണ്ടായിരുന്നു. അവിടെ പഠിക്കുമ്പോഴാണ് പ്രസംഗകലയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുന്നതും അവസരങ്ങള്‍ തുറക്കുന്നതും.ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.