തിരൂര്‍: പ്രഥമ ഐ.സി.സി അണ്ടര്‍ 19 വനിത ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ ചരിത്രം രചിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമായി സി.എം.സി നജ്‌ല. ലോകകപ്പില്‍ കളത്തിലിറങ്ങാനായില്ലെങ്കിലും ലോകകിരീടം ചൂടിയ ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരമായിരുന്നു മലപ്പുറം തിരൂര്‍ സ്വദേശിനിയായ നജ്‌ല. വനിതാ അണ്ടര്‍ 19 ക്രിക്കറ്റില്‍ പ്രഥമ ലോക ജേതാക്കളായ ടീമില്‍ ഇടംപിടിക്കാനായതിനൊപ്പം ലോക കിരീടത്തില്‍ മുത്തമിടാനായതും ഭാഗ്യമായാണ് നജ്‌ല കാണുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കെ.സി.എ ക്കു കീഴിലുള്ള വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് നജ്‌ല പരിശീലനം നടത്തുന്നത്. തിരൂര്‍ മുറിവഴിക്കല്‍ സി.എം.സി നൗഷാദിന്റെയും കെ.വി മുംതാസിന്റെയും മകളാണ്. ബത്തേരി സെന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: സൈദ് മുഹമ്മദ്, നൗഫീല.
ഓള്‍ റൗണ്ടറായ നജ്‌ലയുടെ കുന്തമുന ബൗളിങ്ങാണ്. ചലഞ്ചര്‍ ട്രോഫിയിലും കോര്‍ ട്രയാങ്കിള്‍ ടൂര്‍ണമെന്റിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് കേരളത്തിന്റെ അഭിമാനമായ നജ്‌ലയെ ഇന്ത്യന്‍ റിസര്‍വ് ടീമിലിടം നേടിക്കൊടുത്തത്. നേരത്തെ, ഗോവയില്‍ നടന്ന ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ നയിച്ച് നജ്‌ല ചരിത്രം സൃഷ്ടിച്ചിരുന്നു. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവുന്ന ആദ്യ കേരള താരമെന്ന നേട്ടമാണ് നജ്‌ല ചലഞ്ചര്‍ ട്രോഫിയിലൂടെ സ്വന്തമാക്കിയിരുന്നത്.
Comments are closed for this post.