2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോട്ടയത്ത് കല്ലിടല്‍ പുനരാരംഭിച്ചു; സംഘര്‍ഷം: തഹസില്‍ദാറെ തടഞ്ഞു,12 അതിരടയാളക്കല്ലുകള്‍ പിഴുതെറിഞ്ഞു

തിരുവനന്തപുരം: പ്രതിഷേധത്തെതുടര്‍ന്ന് സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അതിടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്‍വാങ്ങിയ കെ.റെയില്‍ അധികൃതര്‍ ഇന്ന് വീണ്ടും രംഗത്തെത്തി. കോട്ടയം ജില്ലയിലാണ് ഇന്ന് പ്രതിഷേധം. കോട്ടയത്ത് ഇന്ന് 12 കല്ലുകളാണ് പൊലിസ് സുരക്ഷയില്‍ സ്ഥാപിച്ചത്. സ്ഥാപിച്ച കല്ലുകളെല്ലാം സമരക്കാര്‍ പിഴുതുമാറ്റി. നാട്ടേശ്ശിരിയിലും പിറവത്തും പ്രതിഷേധം കനക്കുകയാണ്. നാട്ടാശ്ശേരിയില്‍ നാട്ടുകാര്‍ തഹസില്‍ദാറെ തടഞ്ഞുവച്ചു. കല്ലുകളുമായെത്തിയ ലോറിയും തടഞ്ഞിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സര്‍വ്വേപ്പേടിയില്‍ ഉദ്യോഗസ്ഥര്‍ പിന്നോട്ടുപോയത്. പ്രതിഷേധം ആളിപ്പടരുന്നതിനിടെ സര്‍വേ തുടരാനാകില്ലെന്നും പൊലിസ് സുരക്ഷയില്ലാതെ സര്‍വ്വേ നടത്തില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്. ഇതോടെ എറണാകുളത്ത് സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എറണാകുളം ജില്ലയില്‍ 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തീകരിക്കാനുള്ളൂ. വടക്കന്‍ കേരളത്തിലും ഇന്നലെ സര്‍വ്വേ നടപടികളുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ന് രാവിലെയോടെ സര്‍വേ നടപടികള്‍ കോട്ടയം ജില്ലയില്‍ പുനരാരംഭിച്ചതോടെ നാട്ടുകാരും സംഘടിച്ചെത്തുകയായിരുന്നു.

പൊലിസ് സുരക്ഷ ഉറപ്പാക്കാനാകാതെ സര്‍വ്വേ തുടരാനാകില്ലെന്നായിരുന്നു എറണാകുളത്ത് സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജന്‍സി പരാതിപ്പെടുന്നു. പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കെ.റെയിലിനെ അറിയിച്ചു. ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജന്‍സി പറയുന്നുണ്ടെങ്കിലും സര്‍വേപ്പേടി ജീവനക്കാരെ കാര്യമായിതന്നെ ബാധിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ സര്‍വേ നടപടികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നത് വരെ നീട്ടി വയ്ക്കാനുമാണ് തീരുമാനം. ഇത് ശക്തമായ പ്രതിഷേധം അരങ്ങുതകര്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണെന്നു വ്യക്തം. അതേ സമയം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണമാണ് കെ.റെയില്‍ അധികൃതര്‍ അറിയിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.