
ഒരു നിമിഷം മൊബൈല്‍ ഫോണ്‍ കൂടെയില്ലാത്ത ജീവിതം പുതിയ തലമുറയ്ക്ക് ആലോചിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥ പറഞ്ഞറയിക്കാനാവില്ല. ഒറ്റപ്പെട്ട പ്രതീതിയായിരിക്കും.
നഷ്ടപ്പെട്ട ഫോണുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുളള വഴിയൊരുക്കുകയാണ് ടെലികോം മന്ത്രാലയം. ഫോണുകളുടെ ഐ.എം.ഇ.ഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പരുകളുടെ ഡേറ്റാബേസായ സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്ററിലൂടെയാണ് (സി.ഇ.ഐ.ആര്) ഫോണുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാവുക.
ഓരോ മൊബൈലിനുമുള്ള സവിശേഷ തിരിച്ചറിയില്‍ നമ്പരാണ് ഐ.എം.ഇ.ഐ. ഇതിന്റെ ഡാറ്റാബേസായ സി.ഇ.ഐ.ആര് തയ്യാറായാല്‍, ഫോണ്‍ നഷ്ടപ്പെട്ടയാള്‍ക്ക് പൊലിസില്‍ പരാതി നല്കിയ ശേഷം ടെലികോം വകുപ്പിന്റെ ഹെല്പ്പ്ലൈന് നമ്പരില്‍ വിളിച്ച് വിവരമറിയിക്കാം. ഇതോടെ ഈ നമ്പരിനെ കരിമ്പട്ടികയില്‍ പെടുത്തുകയും ഭാവിയില്‍ മറ്റ് നെറ്റ്വര്ക്കുകളില് ഉപയോഗിച്ചാല്‍ ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ നമ്പര്‍ ട്രാക്ക് ചെയ്യാനും സാധിക്കും.
വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറത്തിലാണ് സി.ഇ.ഐ.ആര് പട്ടിക തയ്യാറാക്കുന്നത്. വൈറ്റ് ലിസ്റ്റിലുള്ള നമ്പരുകളിലുള്ള ഫോണ്‍ ഉപയോഗത്തിന് പ്രശ്നമുണ്ടാവില്ല. ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയവ മറ്റൊരാള്‍ ഉപയോഗിക്കാനാവില്ല. നിലവാരം പുലര്‍ത്താത്ത, എന്നാല്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള ഫോണുകളാണ് ഗ്രേ ലിസ്റ്റില്‍ വരിക.
ഇന്ത്യയില്‍ 1.16 ബില്യണ്‍ വയര്‍ലെസ് ഉപയോക്താക്കളാണുള്ളത്. 2017 ജൂലൈയിലാണ് സി.ഇ.ഐ.ആര് സംവിധാനത്തിന് ടെലികോം മന്ത്രാലയം പദ്ധതിയിട്ടത്.
ഫോണുകള്‍ നഷട്പ്പെടുന്നതിലൂടെ ധനനഷ്ടം മാത്രമല്ല, വ്യക്തികളുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിപണികളിലെ വ്യാജ ഫോണുകള്‍ ടെലികോം വകുപ്പിനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രശ്നമാണ്. വ്യാജ മൊബൈല്‍ഫോണുകള്‍ മറ്റു മൊബൈല്‍ നെറ്റ്വര്ക്കുകളില് വ്യാജ ഐ.എം.ഇ.ഐ നമ്പരുകളില്‍ ആക്ടീവാണെന്ന് ടെലികോം വകുപ്പ് കണ്ടെത്തിയിരുന്നു.