2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ന് മുതല്‍ പാഴ്‌സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധം. ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചു. ഇന്ന് മുതല്‍ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നുമുള്ള ഹോട്ടല്‍ സംഘടനകളുടെ അവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച സാവകാശം അനുവദിച്ചത്. എല്ലാ റജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും.

അടപ്പിച്ച ഭക്ഷണശാല വീണ്ടും തുറക്കുമ്പോള്‍ ജീവനക്കാരെല്ലാം രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരിശീലനം നേടണം. ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ് രജിസ്റ്റര്‍ ചെയ്ത് സത്യപ്രസ്താവന ഹാജരാക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.