2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തേഞ്ഞ ഒരു ജോടി ചെരുപ്പിന്റെ വില 1.7 കോടി; സ്റ്റീവ് ജോബ്‌സിന്റെ പാദരക്ഷ ലേലത്തില്‍ വിറ്റു

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് 1970 കളിലും 1980 കളിലും ധരിച്ചിരുന്ന ഒരു ജോടി ചെരിപ്പ് 218,750 ഡോളറിന് (1.77 കോടി രൂപ) വിറ്റുപോയതായി ലേല കമ്പനിയായ ജൂലിയന്‍സ് ഓക്ഷന്‍സ് അറിയിച്ചു. 1970കളിലും 1980കളിലും ആപ്പിളിന്റെ ചരിത്രത്തിലെ നിരവധി സുപ്രധാന നിമിഷങ്ങളില്‍ ജോബ്‌സ് ധരിച്ചിരുന്ന ചെരുപ്പാണിത്. നവംബര്‍ 11ന് ആരംഭിച്ച ലേലം നവംബര്‍ 13ന് അവസാനിച്ചു.

ബ്രൗണ്‍ നിറത്തിലുള്ള ബിര്‍ക്കന്‍സ്റ്റോക്ക് അരിസോണ കമ്പനിയുടെ ലെതര്‍ ചെരിപ്പാണ് ലേലത്തില്‍ വച്ചത്. ചെരിപ്പിന് കാര്യമായ കേടുപാടുകളൊന്നുമില്ല. നന്നായി ഉപയോഗിച്ചിരുന്നതിനാല്‍ കാല്‍പാദ മുദ്രകള്‍ പതിഞ്ഞതും തേഞ്ഞതും വ്യക്തം. ബക്കിളുകളും ആവശ്യാനുസരണം വലിപ്പ ക്രമീകരണം നടത്താവുന്ന ലെതര്‍ സ്ട്രാപുകളും ഇപ്പോഴും ഉപയോഗയോഗ്യമാണ്. സ്ട്രാപ്പുകളുടെ അകത്തെ അറ്റത്ത് ബിര്‍ക്കന്‍സ്റ്റോക്ക് സ്റ്റാമ്പിങും ഉണ്ട്. സ്റ്റീവ് ജോബ്‌സ് തന്നെ പണം നല്‍കി വാങ്ങി ഉപയോഗിച്ചിരുന്ന ചെരിപ്പ് നേരത്തേ ജോബ്‌സിന്റെ ഹൗസ് മാനേജരായ മാര്‍ക്ക് ഷെഫിന്റെ ഉടമസ്ഥതയിലായിരുന്നു.

1976ല്‍, ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്കിനൊപ്പം ലോസ് ആള്‍ട്ടോസ് ഗാരേജില്‍ അദ്ദേഹം ആപ്പിളിന്റെ കംപ്യൂട്ടറിന് തുടക്കംകുറിക്കുന്ന കാലത്ത് ഇടയ്ക്കിടെ ഈ ചെരുപ്പുകള്‍ ധരിച്ചിരുന്നു. ബിര്‍ക്കന്‍സ്റ്റോക്ക് കമ്പനിയുടെ ലെതര്‍ ചെരിപ്പിന്റെ ഭംഗിയിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും ജോബ്‌സ് ആകൃഷ്ടനായെന്നും ലേല കമ്പനി പറയുന്നു. നിരവധി എക്‌സിബിഷനുകളില്‍ ഈ ചെരിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചെരുപ്പുകള്‍ സ്റ്റീവ് ജോബ്‌സിന്റെ ലളിതമായ ജീവിതരീതിയുടെ ഭാഗമായിരുന്നുവെന്ന് മുന്‍ ഭാര്യ ക്രിസന്‍ ബ്രണ്ണന്‍ പറയുന്നു. ഇത് ജോബ്‌സിന്റെ യൂണിഫോമായിരുന്നു. ഒരു യൂണിഫോമിന്റെ പ്രധാന കാര്യം നിങ്ങള്‍ രാവിലെ എന്ത് ധരിക്കണം എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്നതാണ്. മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ വേണ്ടി അദ്ദേഹം ഒരിക്കലും ഒന്നും ചെയ്യുകയോ വാങ്ങുകയോ ചെയ്തിരുന്നില്ല. ബിര്‍ക്കന്‍സ്റ്റോക്ക് ചെരുപ്പിന്റെ ഡിസൈനിലെ പ്രത്യേകതയും ധരിക്കുന്നതിന്റെ സുഖവും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അദ്ദേഹം ക്രിയാത്മകമായും സ്വതന്ത്രമായും ചിന്തിക്കുന്ന വ്യക്തിയായിരുന്നുവെന്നും അവര്‍ അനുസ്മരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.