2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇങ്ങനെയെങ്കില്‍ രാജ്യത്ത് കൊവിഡ് വന്നിട്ടില്ലെന്നും ഉടനെ പറയും’; ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

രണ്ടാം കൊവിഡ് തരംഗത്തിനിടെയുണ്ടായ ഓക്‌സിജന്‍ വിതരണത്തിലെ തെറ്റ് മറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രനയം ദുരന്തത്തിലേക്ക് നയിച്ചുവെന്നും സിസോദിയ പറഞ്ഞു.

ഓക്സിജന്‍ പ്രതിസന്ധി മൂലം ആരും മരിച്ചിട്ടില്ലെന്ന് പറയുന്നത് തികച്ചും തെറ്റാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും അഭിപ്രായപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്ത് നിരവധി മരണങ്ങള്‍ക്ക് കാരണമായതായി ജെയിന്‍ പറഞ്ഞു.

‘കൊവിഡ് തന്നെയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പറയും. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചില്ലെങ്കില്‍, എന്തുകൊണ്ടാണ് ആശുപത്രികള്‍ ഹൈക്കോടതിയിലേക്ക് പോയത്്’- അദ്ദേഹം ചോദിച്ചു.

രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ കുറവുണ്ടെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സമ്മതിച്ചു. നിര്‍ണായകമായ ഈ മാസങ്ങളില്‍ ആവശ്യമായ ഓക്‌സിജന്‍ ക്വാട്ട സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മ പറഞ്ഞു.

”ഓക്‌സിജന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ക്ഷാമകാലത്ത് ഒരു നിശ്ചിത അളവില്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി മൂന്ന് മന്ത്രിമാരെ ഡല്‍ഹിലേക്ക് അയച്ചു. ഞങ്ങള്‍ക്ക് 600 മെട്രിക് ടണ്‍ ആവശ്യമാണ്, പക്ഷേ ഞങ്ങള്‍ക്ക് 400 മെട്രിക് ടണ്‍ മാത്രമാണ് ലഭിച്ചത്. ഞങ്ങളുടെ മാനേജ്‌മെന്റ് മികച്ചതായിരുന്നു, അതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി, ”ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്ന് ബിഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ പറഞ്ഞു.

സര്‍ക്കാര്‍ ഇങ്ങനെ കൈമലര്‍ത്തുമ്പോള്‍ ഓക്ജിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ എന്ത് പറയുമെന്ന് ശിവസേന ചോദിച്ചു. നുണ പറയുന്നതിന് നിയമ നടപടി സ്വീകരിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ സത്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇത് പെഗാസസിന്റെ (ഇസ്രായേലി സ്‌പൈവെയര്‍) ഫലമാണെന്ന് തോന്നുന്നു,’ അദ്ദേഹം പരിഹാസിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.