2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാനങ്ങളെ കടത്തില്‍ കുരുക്കുന്ന കേന്ദ്രസര്‍ക്കാര്‍

പ്രൊഫ. കെ. അരവിന്ദാക്ഷന്‍

 

കൊവിഡ് വ്യാപനത്തോടെ അതിനെതിരായി പ്രതിരോധമുയര്‍ത്തേണ്ട മുഖ്യബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമായി മാറുകയായിരുന്നു. രോഗപ്രതിരോധവും ചികിത്സയും സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലുള്ള വരുമാന സ്രോതസുകള്‍ തീര്‍ത്തും അപര്യാപ്തമാവുന്നതിനൊപ്പം സാമ്പത്തിക പ്രക്രിയയും കോട്ടം കൂടാതെ നിലനിര്‍ത്തേണ്ടതായ വലിയ സമ്മര്‍ദമാണ് സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ രക്ഷയ്ക്ക് എത്തേണ്ടിയിരുന്നത് കേന്ദ്രഭരണകൂടമായിരുന്നു. വിശിഷ്യാ ആരോഗ്യസംരക്ഷണ മേഖലയില്‍ അടിയന്തിരമായ സൗകര്യങ്ങള്‍ക്കൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും അഭാവമോ അപര്യാപ്തതയോ അഖിലേന്ത്യ അടിസ്ഥാനത്തില്‍ തന്നെ വന്‍തോതില്‍ നിലവിലുണ്ടായിരുന്നു എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍.

ആരോഗ്യം, പൊലിസ്, വിദ്യാഭ്യാസം, അങ്കണവാടി ജീവനക്കാര്‍, നഴ്‌സിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ എന്നിങ്ങനെയുള്ള വിവിധമേഖലകളില്‍ രണ്ട് മില്യനിലേറെ ഒഴിവുകളാണ് ഉണ്ടായിരുന്നത്. ‘ലെസ് ഗവണ്‍മെന്റ് മോര്‍ ഗവേണന്‍സ് ‘ എന്ന മോദിയുടെ ലക്ഷ്യപ്രഖ്യാപനം ഇത്തരം കാര്യങ്ങളില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുമെന്നും ശൗചാലയങ്ങള്‍ ഒരുക്കുമെന്നുമുള്ള വാഗ്ദാനവും ഈ മഹാമാരി വന്നതോടെ ജലരേഖയായി മാറുന്ന കാഴ്ചയാണുള്ളത്. ഇതിനിടെ മാധ്യമ വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടാതെ പോയ സംഭവമാണ് സ്വച്ഛ്ഭാരത് അഭിയാന്റെ ചുമതലക്കാരനായ പരമേശ്വര അയ്യര്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായി ലോകബാങ്കിലേക്ക് മടങ്ങിപ്പോയി എന്നത്. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ ‘ഒരു രാജ്യം ഒരു നികുതി’ എന്ന ലക്ഷ്യം നിറവേറ്റപ്പെട്ടുവെങ്കിലും അന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഈ പുതിയ നികുതി പരിഷ്‌കാരത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ സഹിക്കേണ്ടിവരുന്ന വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തും എന്ന കമ്മിറ്റ്‌മെന്റ് മാത്രം കടലാസില്‍ അവശേഷിക്കുകയായിരുന്നു. കൊവിഡിന് മുന്‍പുള്ള ഒന്നോ രണ്ടോ ധനകാര്യവര്‍ഷങ്ങളില്‍ ജി.എസ്.ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായി കൈമാറിയിരുന്നില്ല. ഈ തുക സ്വന്തം ഖജനാവിലെത്തിക്കുകയാണ് മോദി സര്‍ക്കാരും നിര്‍മലാ സീതാരാമനും ചെയ്തത്. ഇതും ഒരുപക്ഷേ ഒരു ‘അക്ട് ഓഫ് ഗോഡ് ‘ ആയിരിക്കാം. ഇപ്പോള്‍ സ്ഥിതിഗതികള്‍ കീഴ്‌മേല്‍ മറിഞ്ഞതോടെ നഷ്ടപരിഹാരം നല്‍കുകയെന്നത് നയപരമായ ബാധ്യതയാണോ അല്ലയോ എന്ന വിവാദത്തിലേക്ക് ഇന്ത്യയിലെ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ഒരിക്കലും ‘ദൈവഹിത’മല്ല. മോദിയുടെ ക്രൂരവിനോദം തന്നെയാണ്. മാത്രമല്ല, ഇതോടൊപ്പം ജി.എസ്.ടി നിലവില്‍ വരുത്തുന്നതിന് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനയുടെ 101ാം ഭേദഗതി നിയമത്തിലെ സുതാര്യമായ വ്യവസ്ഥകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢനീക്കവുമാണ് നടന്നുവരുന്നത്.

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ തികച്ചും സാമ്പത്തിക സ്വഭാവമുള്ള തര്‍ക്ക വിഷയത്തെ ദൈവികതയിലേക്ക് ചേര്‍ക്കുന്നതിനു മുന്‍പ് തന്റെ മുന്‍ഗാമി അരുണ്‍ ജെയ്റ്റ്‌ലി ജി.എസ്.ടി കൗണ്‍സിലിന്റെ ഏഴാമത്തെ യോഗത്തിന്റെ ചെയര്‍മാന്‍ എന്ന പദവിയിലിരിക്കെ നഷ്ടപരിഹാരം സംബന്ധിച്ച് നടത്തിയ പരാമര്‍ശം ഒരാവര്‍ത്തി വായിക്കുകയോ കേള്‍ക്കുകയോ ചെയ്യേണ്ടതായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞതായി ഈ ലേഖകന്‍ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ വായിച്ചത് ജി.എസ്.ടി നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ അഞ്ചുവര്‍ഷക്കാലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന വരുമാന നഷ്ടത്തിന്റെ 100 ശതമാനവും നികത്താനുള്ള ഭരണഘടനാ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ മാത്രമാണെന്നാണ്. ഈ വ്യവസ്ഥ എട്ടാം കൗണ്‍സില്‍ യോഗം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. പത്താമത് യോഗത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ സെക്രട്ടറി അടിവരയിട്ട് പറഞ്ഞത് ഏതെങ്കിലും ഘട്ടത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ ഇടിവുവന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ അത് നികത്താന്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നായിരുന്നു. ഈ അവസരങ്ങളില്‍ ആരുംതന്നെ നഷ്ടപരിഹാരവിഷയത്തെ ആത്മീയ തലത്തിലേക്ക് നയിച്ചിരുന്നില്ല. ദൈവത്തെ ഇതില്‍ സാക്ഷിയാക്കാനും സന്നദ്ധമായില്ല.

മോദി ഭരണകൂടം സംസ്ഥന സര്‍ക്കാരുകളെ വിഭവ ദാരിദ്ര്യത്തിന്റെ നടുക്കടലില്‍ താഴ്ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള രണ്ട് നിര്‍ദേശങ്ങളെന്ന നിലയില്‍ മുന്നോട്ടുവച്ചിരിക്കുന്നതോ സംസ്ഥാനങ്ങളെ സ്ഥിരമായി കടക്കെണിയില്‍ കുരുക്കിയിടാനുള്ള പ്രോജക്ടുകളും. ഒന്നുകില്‍ ഉയര്‍ന്ന നിരക്കില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന വായ്പാ പരിധിക്കകത്ത് നിന്നുകൊണ്ട് വായ്പയെടുക്കുക. രണ്ട്, ആര്‍.ബി.ഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക വായ്പ വാങ്ങുക. ഇവിടെയും കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടിവരുന്നതിനേക്കാള്‍ ഉയര്‍ന്ന് പലിശയായിരിക്കും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ആര്‍.ബി.ഐ ഈടാക്കുക. ഇക്കാര്യത്തില്‍ കേന്ദ്രബാങ്കിനെ പ്രതിക്കൂട്ടിലാക്കിയിട്ട് കാര്യമില്ല. പിന്നിട്ട ആറ് വര്‍ഷക്കാലത്തിനിടയില്‍ ആര്‍.ബി.ഐയില്‍ നിന്നടക്കം വിവിധ മാര്‍ഗങ്ങളിലൂടെ സംസ്ഥന സര്‍ക്കാരുകള്‍ക്ക് ന്യായമായും കടമെടുക്കാന്‍ കഴിയുമായിരുന്നു. ഈ മുഴുവന്‍ സ്രോതസുകളും മോദി സര്‍ക്കാര്‍ പരമാവധി ചൂഷണം ചെയ്ത് പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.

ഇക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട സ്രോതസാണ് 14ാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കായി വച്ചുനീട്ടിയ സൗജന്യങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ കൈയിട്ടുവാരിയ അനുഭവം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രവരുമാനത്തിന്റെ ഓഹരി എന്ന നിലയിലുള്ള കൈമാറ്റ പരിധി 42 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് ധനകാര്യ കമ്മിഷന്‍ ചെയ്തത് നല്ല കാര്യം തന്നെ. എന്നാല്‍ നടന്നതോ 2015-2019 കാലയളവില്‍ തല്‍സ്ഥാനത്ത് നടന്ന കൈമാറ്റം വെറും 30 ശതമാനമായിരുന്നു. ഈ വരുമാന കവര്‍ച്ച നടത്തിയ വിവരം വെളിയില്‍ കൊണ്ടുവന്നത് അക്കൗണ്ടബിലിറ്റി ഇനീഷിയേറ്റീവ് അനാലിസിസ് ഓഫ് സ്റ്റേറ്റ് ബജറ്റ് എന്ന പഠന ഏജന്‍സിയാണ്. 2019-2020ല്‍ മാത്രം സംസ്ഥാന സര്‍ക്കാരുകളുമായി പങ്കിടേണ്ടിയിരുന്ന വരുമാന ഇനത്തില്‍ മോദി സര്‍ക്കാര്‍ കവര്‍ന്നത് 369111 കോടി രൂപയായിരുന്നു. ഇതാണ് മോദി മോഡല്‍ കോ ഓപ്പറേറ്റീവ് ഫെഡറലിസം. ഇവിടംകൊണ്ടും കവര്‍ച്ച തീരുന്നില്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള സെസ് വരുമാന ഇനത്തില്‍ കേന്ദ്രം കൈക്കലാക്കിയത് 60 ശതമാനമായിരുന്നെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ കിട്ടിയത് 40 ശതമാനം മാത്രം. 2013-2014 ല്‍ ഇത് 50 ശതമാനം വീതമായിരുന്നു. ഈ കവര്‍ച്ചയും ‘ആക്ട് ഓഫ് ഗോഡ് ‘ ആയിരുന്നെങ്കില്‍ ആരാണ് യഥാര്‍ഥ ദൈവം? നരേന്ദ്രമോദിയോ നിര്‍മലാ സീതാരാമനോ? അതോ ഇരുവരും ചേര്‍ന്ന കേന്ദ്ര ഭരണകൂടമോ?

ആത്മനിര്‍ഭാരത് എന്ന ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ വിഭവസമാഹരണം അനിവാര്യമാണ്. സാമ്പത്തിക നിരീക്ഷകന്‍ ശങ്കര്‍ അയ്യര്‍ ചോദിക്കുന്നതുപോലെ ഈ ലക്ഷ്യത്തിലെത്താന്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ ആകമാനമുള്ള ക്ഷേത്രങ്ങളെ അക്ട് ഓഫ് ഗോഡ് എന്ന അവസ്ഥാവിശേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ മോദിക്കും കൂട്ടര്‍ക്കും ആശ്രയിച്ചുകൂടാ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.