2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ജെ.ഇ.ഇ മെയിന്‍ 2024ന് ഇപ്പോള്‍ പഠിച്ച് തുടങ്ങാം; പരീക്ഷയെ കുറിച്ച് നിങ്ങളുടെ സംശയങ്ങളും അതിനുള്ള മറുപടിയും

ജെ.ഇ.ഇ മെയിന്‍ 2024ന് ഇപ്പോള്‍ പഠിച്ച് തുടങ്ങാം; പരീക്ഷയെ കുറിച്ച് നിങ്ങളുടെ സംശയങ്ങളും അതിനുള്ള മറുപടിയും

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ദന്‍

എന്‍.ഐ.ടികള്‍, ഐ.ഐ.ഐ.ടികള്‍, കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍,സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ചിട്ടുള്ള/സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ /സര്‍വ കലാശാലകള്‍ എന്നിവയില്‍ വിവിധ ബിരുദതല എന്‍ജിനീയറിങ്, സയന്‍സ്,ആര്‍ക്കിടെക്ചര്‍, പ്ലാനിങ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ ( ജെ.ഇ.ഇ മെയിന്‍). ആദ്യ സെഷനു നവംബര്‍ 30 വരെ അപേക്ഷിക്കാം. രണ്ടാം സെഷന് ഫെബ്രുവരി രണ്ടു മുതല്‍ മാര്‍ച്ച് രണ്ടു വരെയും. താല്‍പര്യമുള്ളവര്‍ക്ക് രണ്ട് സെഷനുകള്‍ക്കും ഇപ്പോള്‍ തന്നെ അപേക്ഷിക്കാം. ജെ.ഇ.ഇ യെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ പ്രധാന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണിവിടെ .

ജെ .ഇ.ഇ മെയിന്‍ വഴി പ്രവേശനം ലഭിക്കുന്ന പ്രോഗ്രാമുകള്‍ ഏതെല്ലാം?

എന്‍.ഐ.ടി, ഐ.ഐ.ഐ.ടി, ജി.എഫ്.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ ബി.ടെക്, ബി.ഇ, ബി.ആര്‍ക്, ബി. പ്ലാനിംഗ്, 5 വര്‍ഷ എം.ടെക്/എം.എസ്.സി, 4 വര്‍ഷ ബി.എസ് തുടങ്ങിയ പ്രോഗ്രാമുകള്‍ ലഭ്യമാണ്.

ജെ.ഇ.ഇ വഴി പ്രവേശനം ലഭിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍ ?
ജെ.ഇ.ഇ മെയിന്‍ വഴി എന്‍.ഐ.ടി കോഴിക്കോട്, ഐ.ഐ.ഐ.ടി കോട്ടയം എന്നീ സ്ഥാപനങ്ങളിലും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ഐ.ഐ.ടി പാലക്കാടും പ്രവേശനം ലഭിക്കും. കൂടാതെ തിരുവനന്തപുരത്തുള്ള ഐ.ഐ.എസ്.ടിയിലും ഐസറിലും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി അഡ്മിഷന്‍ നേടാം.

ജെ.ഇ.ഇ മെയിനിന്റെ രണ്ട് സെഷനുകളും എഴുതേണ്ടതുണ്ടോ ?
നിര്‍ബന്ധമില്ല. രണ്ട് സെഷനും എഴുതുന്നവരുടെ മെച്ചപ്പെട്ട പെര്‍സന്റയില്‍ സ്‌കോറാണ് അന്തിമ റാങ്കിംഗിനു പരിഗണിക്കുക.

ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ മെയിന്‍ സ്‌കോര്‍ പരിഗണിക്കുമോ ?
ഇല്ല. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ചാണ് ഐ.ഐ.ടികളില്‍ പ്രവേശനം നല്‍കുന്നത്. എന്നാല്‍ ജെ.ഇ.ഇ മെയിന്‍ ഒന്നാം പേപ്പറില്‍ വിവിധ കാറ്റഗറിയില്‍നിന്നു മുന്നിലെത്തുന്ന 2.5 ലക്ഷം പേര്‍ക്കു മാത്രമേ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാന്‍ സാധിക്കുകയുള്ളൂ.

ജെ.ഇ.ഇ അപേക്ഷാ വേളയില്‍ താല്‍പര്യമുള്ള പ്രോഗ്രാമുകളുടെ ഒപ്ഷന്‍ നല്‍കേണ്ടതുണ്ടോ ?
വേണ്ട. ജെ.ഇ.ഇ മെയിനിന്റെയും ജെ.ഇ.ഇ അഡ്വാന്‍സ്ഡിന്റെയും റാങ്ക് ലിസ്റ്റ് വന്നശേഷം ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) യാണ് അലോട്ട്‌മെന്റ് നടത്തുക. ജോസ വെബ്‌സൈറ്റില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഒപ്ഷനുകള്‍ സമര്‍പ്പിച്ചാല്‍ മതി.

2022 ല്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം ജെ.ഇ.ഇ മെയിന്‍ എഴുതാന്‍ സാധിക്കുമോ?
തീര്‍ച്ചയായും സാധിക്കും. 2022, 23 വര്‍ഷങ്ങളില്‍ പ്ലസ് ടു പരീക്ഷ വിജയിച്ചവര്‍ക്കും 2024 ല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലായി രണ്ടു തവണ മാത്രമേ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ സാധിക്കൂ .

ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ ആര്‍ക്കിടെക്ചര്‍ പഠനത്തിന് അവസരമുണ്ടോ ?
അവസരമുണ്ട്. ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ 2A വഴി എന്‍.ഐ.ടി, എസ്.പി.എ തുടങ്ങിയ സ്ഥാപനങ്ങളില്‍ ബി.ആര്‍ക്ക് പ്രവേശനം നേടാം. ഐ.ഐ.ടികളിലെ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡിനോടൊപ്പം ആര്‍ക്കിടെക്ച്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലും (AAT) യോഗ്യത നേടേണ്ടതുണ്ട്.

വിദേശത്ത് പ്ലസ്ടു പഠിക്കുന്ന മലയാളി വിദ്യാര്‍ഥിയാണ്. എനിക്ക് ഹോം സ്റ്റേറ്റ് ക്വാട്ട വഴി എന്‍.ഐ.ടി കോഴിക്കോട് പ്രവേശനം ലഭിക്കാന്‍ സാധ്യതയുണ്ടോ?
സാധ്യതയുണ്ട്. വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പെര്‍മനന്റ് അഡ്രസ്സ് പരിഗണിച്ചാണ് ഹോം സ്റ്റേറ്റ് ക്വാട്ട അനുവദിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമാണ് ഹോം സ്റ്റേറ്റായി പരിഗണിക്കുന്നത്.

ഞാന്‍ ഖത്തറിലാണ് പ്ലസ്ടു പഠിക്കുന്നത്. ജെ.ഇ.ഇ ഒന്നാം സെഷന്‍ ഖത്തറിലും രണ്ടാം സെഷന്‍ കേരളത്തിലും എഴുതാന്‍ സാധിക്കുമോ ?

സാധിക്കും.അപേക്ഷയില്‍ പെര്‍മനന്റ് അഡ്രസായി നാട്ടിലെ അഡ്രസും പ്രസന്റ് അഡ്രസ്സായി ഖത്തറിലെ അഡ്രസ്സും നല്‍കിയാല്‍ മതി.

ഡാസ’ (DASA) സ്‌കീം എന്താണ്? ഇന്ത്യയില്‍ പ്ലസ്ടു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കീം വഴി പ്രവേശനം ലഭിക്കുമോ ?

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍, വിദേശ പൗരന്മാര്‍, എന്‍.ആര്‍.ഐ , പി.ഐ.ഒ, ഒ.സി.ഐവിഭാഗങ്ങളില്‍പെട്ട വിദ്യാഥികള്‍ക്ക് രാജ്യത്തെ മികവുറ്റ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ പദ്ധതിയാണ് ‘ഡാസ’ (DASADirect Admission of Students Abroad) സ്‌കീം. എന്‍.ഐ.ടികള്‍, ഐ.ഐ.ഐ.ടികള്‍, ജി.എഫ്.ടി.ഐകള്‍, എസ്.പി.എകള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലാണ് പ്രവേശനം ലഭിക്കുക. കേരളത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും ‘ഡാസ’വഴി സീറ്റുകളുണ്ട്. യു.എ.ഇ,സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ഐ.ഡബ്ല്യു.ജി ( CIWGChildren of Indian Workers in Gulf Coutnries) സ്‌കീം വഴിയാണ് പ്രവേശനം. dasanit.org എന്ന വെബ്‌സൈറ്റ് വഴി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഇന്ത്യയില്‍ പ്ലസ്ടു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ‘ഡാ സ’ സ്‌കീം വഴി പ്രവേശനം ലഭിക്കുകയില്ല. കാരണം പ്ലസ് ടു വരെയുള്ള പഠനത്തിന്റെ അവസാന എട്ടു വര്‍ഷത്തിനിടെ രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് പഠിക്കുകയും പ്ലസ് ടു പരീക്ഷ വിദേശത്തുനിന്ന് വിജയിക്കുകയും ചെയ്യണമെന്ന് നിബന്ധനയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.