2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീ.എമ്മുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി: ചര്‍ച്ച രഹസ്യമാക്കിവെച്ചിട്ടില്ല, ശ്രീ.എം മതേതരവാദിയായ സന്ന്യാസി വര്യനെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഒടുവില്‍ ശ്രീ.എമ്മിന്റെ വെളുപ്പെടുത്തലിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീ.എമ്മുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി അദ്ദേഹം മതേതരവാദിയായ സന്ന്യാസി വര്യനാണെന്നും വിഭാഗീയതയുടെ വക്താവല്ലെന്നും കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ അരങ്ങേറിയിരുന്ന രാഷ്ട്രീയ സംഘര്‍ഷം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അതിനൊരാള്‍ നേതൃത്വം വഹിച്ചപ്പോള്‍ കൂടെച്ചേര്‍ന്നു. ഇതിനെ എങ്ങനെയാണ് രാഷ്ട്രീയ ബാന്ധവമായി കാണുകയെന്നും പിണറായി ചോദിച്ചു. 
1980-കള്‍ മുതല്‍ ആര്‍.എസ്.എസുമായി പലവട്ടം സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു. 

സമാധാനം നിലനിര്‍ത്താനായി സ്വാഭാവികമായും മുഖ്യമന്ത്രി എന്ന നിലയില്‍ എനിക്ക് ആ ചര്‍ച്ചയുമായി സഹകരിക്കേണ്ടതുണ്ടായിരുന്നു. ശ്രീ എം തന്നെയാണ് സമാധാന ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും മധ്യസ്ഥത വഹിച്ചതും.

നേരത്തെയും ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതൊന്നും രഹസ്യമായിരുന്നില്ല. തലയില്‍ മുണ്ടിട്ടില്ല ചര്‍ച്ചകള്‍ക്ക് പോയത്. അങ്ങനെ പോയവര്‍ ഉണ്ട്. ഇവിടെ ശ്രീം എം മുന്‍കൈ എടുത്ത് ചര്‍ച്ച നടന്നു. എം ഒരു സെക്കുലര്‍ സന്യാസിവര്യനാണ്. വിഭാഗീയതയുടെ വക്താവല്ല അദ്ദേഹം എന്നാണ് ഞാന്‍ മനസിലാക്കുന്നത് – മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ വിശദീകരണം തന്നില്ല.

സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായ പുസ്തകത്തില്‍ ഒരിടത്തും അത് രാഷ്ട്രീയ ബാന്ധവത്തിനുള്ള ചര്‍ച്ചയാണെന്ന് പറഞ്ഞിട്ടില്ല. മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. അത്തരത്തിലുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. ശ്രീ എം പങ്കെടുത്ത പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനം ഉറപ്പുവരുത്താന്‍ ആരുമായും ചര്‍ച്ചനടത്തുന്നതിന് ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ച നടന്ന കാര്യം നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. കോലീബീ സഖ്യംപോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിന് തലയില്‍ മുണ്ടിട്ട് പോയവര്‍ ഇവിടെത്തന്നെ ഉണ്ട്. അങ്ങനെ ഞങ്ങളാരും ചര്‍ച്ചയ്ക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ തന്നെ അടുപ്പമുണ്ടായിരുന്നുവെന്നും പിണറായി വിജയനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിട്ടുണ്ടെന്നും ശ്രീ എം.കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നായിരുന്നു ശ്രീ എമ്മിന്റെ വെളിപ്പെടുത്തല്‍. ഇതിനെതിരേയാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.
അപ്പോള്‍ ഈ ചര്‍ച്ചയെക്കുറിച്ചുവന്ന വാര്‍ത്തയെ സി.പി.എം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ ചര്‍ച്ചയേ നടന്നിട്ടില്ലെന്നു എന്തിനാണ് തള്ളിപ്പറഞ്ഞതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.