2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുഖ്യമന്ത്രിയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുണ്ട്, പിണറായിയെ കുരുക്കി ശ്രീഎമ്മിന്റെ വെളിപ്പെടുത്തല്‍: എന്നിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കി വീണ്ടും ശ്രീ എമ്മിന്റെ വെളിപ്പെടുത്തല്‍. സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ തന്നെ അടുപ്പമുണ്ടായിരുന്നുവെന്നും പിണറായി വിജയനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിട്ടുണ്ടെന്നും ശ്രീ എം. ഒരു ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്ന ശ്രീ എമ്മിന്റെ വെളിപ്പെടുത്തല്‍.

തിരുവനന്തപുരത്തുണ്ടായിരുന്ന ചില സി.പി.എം നേതാക്കളാണ് പിണറായിയുടെ വീട്ടില്‍ കൊണ്ടുപോയത്. മുഖ്യമന്ത്രിയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുണ്ട്. അത് സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ ധാരണയാക്കാനല്ല. കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനായി മധ്യസ്ഥനായിനിന്നുള്ള ചര്‍ച്ചയായിരുന്നു. ഇടത്, വലത് മുന്നണികളുടെ നേതാക്കളെ ചെന്ന് കണ്ടിട്ടുണ്ടെന്നും ശ്രീ എം പറഞ്ഞു.
കണ്ണൂരിലെ ജില്ലാ സെക്രട്ടറി പി. ജയരാജനെക്കൂടി ചര്‍ച്ചയില്‍ കൊണ്ടുവരണമെന്ന് കോടിയേരി പറഞ്ഞിട്ടാണ് കണ്ണൂരില്‍ പോയി രാത്രി പന്ത്രണ്ടിന് കണ്ണൂര്‍ ലൈറ്റ് ഹൗസിനടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് പി. ജയരാജനെ കണ്ടത്.
ചര്‍ച്ച രഹസ്യമാക്കി വച്ചത് മാധ്യമങ്ങളെ അറിയിച്ചാല്‍ അവര്‍ അതില്‍ വിവാദം കൊണ്ടുവച്ച് ഇല്ലാതാക്കുമെന്നതിനാലാണ്. ഇതിനോട് രണ്ടു വിഭാഗത്തിനും സമ്മതമായിരുന്നു. താനൊരു ആര്‍.എസ്.എസ് വക്താവല്ലെന്നും ഉമ്മന്‍ചാണ്ടി, പി.ജെ കുര്യന്‍ ഇവരൊക്കെ തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കര്‍ ഭൂമിയില്‍ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്നും ശ്രീ എം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.