2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

‘ലോകമേ കാണുക ഇത് നാം നാലു ചുമരുകളില്‍ ഒതുക്കിയവരുടെ കൂടി ലോകകപ്പ്’ ഭിന്നശേഷിക്കാര്‍ക്കായി ഖത്തറൊരുക്കിയ സൗകര്യങ്ങളെ കുറിച്ച കുറിപ്പ് വായിക്കാം

ദോഹ: പ്രത്യേകതകള്‍ ഏറെയാണ് ഖത്തര്‍ ലോകകപ്പിന്. ഉദ്ഘാടന വേദിയില്‍ തുടങ്ങുന്നു അത്. നിലപാടുകളില്‍ വിട്ടു വീഴ്ചയില്ലാതെ അതിഥികളുടെ ഹൃദയം കവര്‍ന്ന് മുന്നോട്ടു പോവുകയാണ് ഓരോ ദിനങ്ങളും. നാം അരികുവല്‍ക്കരിച്ച ഒരു കൂട്ടത്തെ മുന്‍നിരയില്‍ കൊണ്ടുവന്ന് കൂടി ശ്രദ്ധേയമാവുന്നു ഈ ലോകകപ്പ്. വീല്‍ ചെയറില്‍ ജീവിക്കുന്ന ഒരു സംഘത്തെ. അവര്‍ക്കായി മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സൗകര്യങ്ങളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്.

ടിക്കറ്റ് വില്‍പനയിലെ റിസര്‍വേഷന്‍ മുതല്‍ തുടങ്ങുന്നു അത്. കളി കാണാന്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പാര്‍ക്കിംഗ് മുതല്‍ ഗ്യാലറി വരെ തിക്കിലും തിരക്കിലും പെടാതെ സുഗമമായി എത്തിച്ചേരാനുള്ള സംവിധാനം, അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാര്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകം ടോയ്‌ലെറ്റ്.ഏറ്റവും സുഗമമായി മുന്നില്‍ ഇരുന്നുകൊണ്ടുതന്നെ കളി കാണാന്‍ ഒരുക്കിയ സൗകര്യം. അങ്ങിനെ പോകുന്നു കാര്യങ്ങള്‍. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നജീബ് മൂടാടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമായി പറയുന്നുണ്ട് ഇക്കാര്യങ്ങള്‍.

പോസ്റ്റ് വായിക്കാം
ഇന്നലെ ലോകകപ്പ് മത്സരം നടന്ന ഖത്തറിലെ ഖലീഫാ സ്റ്റേഡിയത്തില്‍ നിന്നും എടുത്തതാണ് ഈ ചിത്രം. വീല്‍ചെയറില്‍ ഉള്ളവര്‍ക്ക് ഏറ്റവും സുഗമമായി മുന്നില്‍ ഇരുന്നുകൊണ്ടുതന്നെ കളി കാണാന്‍ ഒരുക്കിയ സൗകര്യം.
സ്റ്റേഡിയത്തിലെ കളി കാണാനുള്ള സൗകര്യം മാത്രമല്ല, നേരത്തേ ഓണ്‍ലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും സാധാരണ ടിക്കറ്റ് ലഭ്യമല്ലാതിരുന്നപ്പോഴും, ഓരോ കളിക്കും നിശ്ചിത ടിക്കറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി മാറ്റിവെച്ചിരുന്നതിനാല്‍
അവര്‍ക്ക് വേണ്ടി യഥേഷ്ടം ടിക്കറ്റുകള്‍ ലഭ്യമായിരുന്നു.
കളി കാണാന്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പാര്‍ക്കിംഗ് മുതല്‍ ഗ്യാലറി വരെ തിക്കിലും തിരക്കിലും പെടാതെ സുഗമമായി എത്തിച്ചേരാനുള്ള സംവിധാനം, അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാര്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകം ടോയ്‌ലെറ്റ്….
ഇതൊക്കെ കൊണ്ടു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കളി കാണാന്‍ വീല്‍ചെയറില്‍ ഉള്ള ഒരുപാട് മനുഷ്യര്‍ ഖത്തറില്‍ എത്തിയിട്ടുണ്ട്.
ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനോടൊപ്പം ഉദ്ഘാടനവേദിയെ വിസ്മയിപ്പിച്ച ഭിന്നശേഷിക്കാരനായ ഗാനിം അല്‍ മുഫ്താഹ് ഖത്തറിന്റെ ലോകകപ്പ് അംബാസിഡര്‍ കൂടി ആയിരുന്നു എന്നോര്‍ക്കുക.
എല്ലാ പൊതു ഇടങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും പരിഗണനയും നല്‍കുന്ന ഈ രാജ്യമാണ് ഏപ്രില്‍ 2 ഓട്ടിസം ദിനമായി ആചരിക്കണമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിര്‍ദേശം വെച്ചതും. പിന്നീട് നടപ്പായതും എന്നത് പലര്‍ക്കും അറിയില്ല.
ഖത്തര്‍ ഭരണാധികാരി ഷേക്ക് തമീം ബിന്‍ അല്‍ത്താനിയുടെ മാതാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഓട്ടിസം അടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന രാഷ്ട്രം കൂടിയാണ് ഖത്തര്‍.
അപകടമോ രോഗമോ കാരണം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നതോടെ പുറംലോകത്തേക്കുള്ള വാതില്‍ എന്നെന്നേക്കുമായി അടഞ്ഞുപോകുന്ന എത്രയോ മനുഷ്യരുണ്ട്. അവര്‍ക്ക് കൂടി സുഗമമായി സഞ്ചരിക്കാനും പുറംലോകം പ്രാപ്യമാവാനുമുള്ള ചട്ടങ്ങളും നിയമങ്ങളും ഏട്ടില്‍ മാത്രം ഒതുങ്ങുകയും, എന്തിനാണ് പുറത്തുപോകുന്നത് എന്ന് വേണ്ടപ്പെട്ടവര്‍ വരെ ചോദിക്കുകയും ചെയ്യുമ്പോള്‍ ആഗ്രഹങ്ങളൊക്കെ ഉള്ളില്‍ വെച്ചു നിശബ്ദരായിപ്പോകുന്നവര്‍. കഷ്ടപ്പെട്ടും സാഹസികമായും ഒരാള്‍ വീല്‍ചെയറില്‍ പൊതു ഇടങ്ങളിലേക്കിറങ്ങിയാല്‍ കൗതുകത്തോടെയും സഹതാപത്തോടെയും മാത്രം നോക്കുന്ന, ഇവര്‍ക്ക് വീട്ടില്‍ ഇരുന്നാല്‍ പോരേ എന്ന മനോഭാവത്തോടെ നെറ്റിചുളിക്കുന്ന സമൂഹമാണ്.
അങ്ങനെയൊരു ലോകത്ത് ഒരു രാജ്യം ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പരിഗണന ഫിഫ വേള്‍ഡ് കപ്പ് വേദിയോളം എത്തിനില്‍ക്കുമ്പോള്‍ ലോകം അത് അറിയേണ്ടതുണ്ട്. ലോകകപ്പ് വേദിയില്‍ കിട്ടാത്ത പലതിനെക്കുറിച്ചുമുള്ള പരാതി മാത്രം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നാല്‍ പോരല്ലോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.