2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇസ്‌റാഈല്‍ വിരുദ്ധതക്ക് പ്രചോദനമാകുന്നുവെന്ന്; ഫലസ്തീന്‍ ഗായകന്‍ മുഹമ്മദ് അസ്സാഫിന്റെ പാട്ട് നീക്കി സ്‌പോര്‍ട്ടിഫൈയും ആപ്പിള്‍ മ്യൂസിക്കും

ഇസ്‌റാഈല്‍ വിരുദ്ധതക്ക് പ്രചോദനമാകുന്നുവെന്ന്; ഫലസ്തീന്‍ ഗായകന്‍ മുഹമ്മദ് അസ്സാഫിന്റെ പാട്ട് നീക്കി സ്‌പോര്‍ട്ടിഫൈയും ആപ്പിള്‍ മ്യൂസിക്കും

പ്രശസ്ത ഫലസ്തീന്‍ ഗായകനും അറബ് ഐഡള്‍ റിയാലിറ്റി ഷോ ജേതാവുമായ മുഹമ്മദ് അസ്സാഫിന്റെ ഗാനം നീക്കി സ്‌പോര്‍ട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ സംഗീത പ്ലാറ്റ്‌ഫോമുകള്‍. പ്രശസ്ത ഫലസ്തീന്‍ ഗാനമായ ‘അന ദമ്മി ഫലസ്തീനി’ (എന്റെ രക്തം ഫലസ്തീന്റേതാണ്) എന്ന ഗാനമാണ് നീക്കിയത്. ഇസ്‌റാഈലിനെതിരെ തിരിയാന്‍ പ്രചോദനമാകുന്നു എന്നാണ് നടപടിക്ക് നല്‍കുന്ന വിശദീകരണം. 2015ല്‍ റിലീസ് ചെയ്ത ഗാനമാണിത്.

നടപടി സംബന്ധിച്ച് തനിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചെന്നും തീരുമാനമറിഞ്ഞ് ഞെട്ടിയെന്നും മുഹമ്മദ് അസ്സാഫ് പ്രതികരിച്ചു. സയണിസ്റ്റ് അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന് തന്റെ പാട്ടുകള്‍ പ്രേരകമാകുന്നു എന്നത് കൂടുതല്‍ അഭിമാനമുണ്ടാക്കുന്നെന്നും എല്ലാ ഫലസ്തീനികളുടെയും സ്വതന്ത്രരായ മനുഷ്യരുടെയും ഹൃദയങ്ങളില്‍ അത് സംരക്ഷിക്കപ്പെടുമെന്നും 33കാരന്‍ പ്രതികരിച്ചു.

ഉപരോധ മേഖലയായ ഗസ്സ മുനമ്പില്‍ നിന്നുള്ള അസ്സാഫ് ദേശസ്‌നേഹ ഗാനങ്ങളാല്‍ ശ്രദ്ധേയനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുണ്ട് ഇദ്ദേഹത്തിന്. 2013ല്‍ അറബ് ഐഡള്‍ റിയാലിറ്റി ഷോ വിജയിച്ച അസ്സാഫിനെ യു.എന്‍ ഏജന്‍സിയായ യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക് ഏജന്‍സിയുടെ (യു.എന്‍.ആര്‍.ഡബ്ലു.എ) ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഗുഡ്‌വില്‍ അംബാസഡറായി നിയമിച്ചിരുന്നു. ഫലസ്തീന്‍ സര്‍ക്കാറും അവരുടെ കലസാംസ്‌കാരിക അംബാസഡറായി അസ്സാഫിനെ നിയമിച്ചിരുന്നു.

നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മുഹമ്മദ് അസഫിന്റെ ഉള്ളടക്കം അതിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തത് കമ്പനിയുടെ തന്നെ തീരുമാനമല്ല, മറിച്ച് ഉള്ളടക്കത്തിന്റെ വിതരണക്കാരന്റെ തീരുമാനമാണെന്നാണ് സ്‌പോട്ടിഫൈ നല്‍കിയ വിശദീകരണം.

Spotify, Apple Music remove Palestinian singer Mohammed Assaf’s song ‘Dammi Falastini’

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.