2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി എല്‍ദോസ് പോള്‍

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് സ്വന്തമാക്കി.

യോഗ്യതാ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരില്‍ ഒരാളായാണ് 25കാരനായ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ശ്രമത്തില്‍ 16.12 മീറ്ററാണ് എല്‍ദോസ് പിന്നിട്ടത്. മൂന്നാം ശ്രമത്തില്‍ 16.34 മീറ്ററും.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 16.99 മീറ്റര്‍ ചാടി എല്‍ദേസ് സ്വര്‍ണം നേടിയിരുന്നു. താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനവും ഇത് തന്നെ.

എല്‍ദോസിനൊപ്പം മത്സരിച്ച പ്രവീണ്‍ ചിത്രാവലിനും അബ്ദുള്ള അബൂബക്കറിനും യോഗ്യത നേടാനായില്ല.

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് പിന്നാലെ ഇന്ത്യയുടെ രോഹിത് യാദവും ഫൈനലിലെത്തി. 80.42 മീറ്റര്‍ എറിഞ്ഞ് 11ാമനായാണ് യാദവ് ഫൈനലിലേക്ക് മുന്നേറിയത്.

ക്വാളിഫയിങ് റൗണ്ടില്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്ററാണ് ഒന്നാമതെത്തിയത്. 89.91 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നേട്ടം. ആദ്യ ഏറില്‍ തന്നെ യോഗ്യത മാര്‍ക്ക് മറികടന്ന നീരജ് ചോപ്ര 88.39 മീറ്റര്‍ ദൂരം പിന്നിട്ടു.

85.30 മീറ്ററാണ് ജാവലിന്‍ ത്രോയുടെ ഫൈനലിലേക്കുള്ള യോഗ്യത മാര്‍ക്ക്. ഇത് ആരും നേടിയില്ലെങ്കില്‍ രണ്ട് ക്വാളിഫിക്കേഷന്‍ റൗണ്ടുകളിലുമായി മികച്ച പ്രകടനം നടത്തിയ 12 പേര്‍ ഫൈനലിലെത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.