
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കറിന് പുരുഷ ലോങ് ജമ്പില്‍ വെള്ളി. ഫൈനല്‍ റൗണ്ടിലെ രണ്ടാം ഊഴത്തില്‍ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് ശ്രീ തന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറ്റം ഉജ്വലമാക്കിയത്. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ പുരുഷ അത്ലറ്റാണ് പാലക്കാട്ടുകാരന് ശ്രീ ശങ്കര്‍.
രണ്ടാം സെറ്റില്‍ത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാന്‍ നയേണിനാണ് സ്വര്‍ണം. 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാന് വാന്‍ വ്യൂറന്‍ വെങ്കലവും നേടി.
ഇന്ത്യയുടെ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് (7.97) അഞ്ചാം സ്ഥാനത്തെത്തി. ആദ്യ സെറ്റില്‍ അനീസ് മൂന്നാമതും ശ്രീശങ്കര്‍ നാലാമതുമായാണ് ചാടിയത്.
പുരുഷ ഹെവിവെയ്റ്റ് പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സുധീര്‍ സ്വര്‍ണം നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ആറായി.