ബ്യൂണസ് അയേഴ്‌സ്: 36 കൊല്ലക്കാലം കാത്തിരുന്ന് കിട്ടിയ സുവര്‍ണ നിധിയുമായി മെസ്സിയും സംഘവും ബ്യൂണസ് അയേഴ്‌സ് വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പുറത്ത് തിരയടിക്കുകയായിരുന്നു. ആകാശങ്ങള്‍ക്കുമുയരെ എത്തുന്ന സന്തോഷത്തിര. താളമായി ലാ മോസ്‌ക ടെസെറ്റെസെ ബാന്‍ഡിന്റെ മുചാഷോസ് ഈരടികള്‍. ലോകകപ്പ് ഗാലറികളിലിരുന്ന് മിശിഹായ്ക്കും സംഘത്തിനും വീര്യം പകര്‍ന്ന് അര്‍ജന്റീനക്കാര്‍ പാടിക്കൊണ്ടിരുന്ന അതേ വരികള്‍. ആ പാട്ടിലലിഞ്ഞ് നീലപരവതാനിയായ പതിനായിരങ്ങള്‍ക്കിടയിലൂടെ ലോകചാമ്പ്യന്‍മാര്‍ തുറന്ന ബസില്‍ യാത്ര തുടങ്ങി. തങ്ങളെ സ്വീകരിക്കാനായി തണുത്തുറഞ്ഞ പുലര്‍കാലത്തും കാത്തിരിക്കുന്നവര്‍ക്കു നേരെ കൈകളുയര്‍ത്തിക്കൊണ്ട്. ബ്യൂണസ് അയേഴ്‌സിനെ വലംവെച്ച് ഈ ബസ് ഒബിലിസ്‌കിലെത്തും. അവിടെയാണ് ആഘോഷ പരിപാടികള്‍. ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍.
ലോകകപ്പുമായി ബ്യൂണസ് അയേഴ്‌സില്‍ എത്തിയ മെസ്സിയെയും സംഘത്തേയും സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് ജന്മനാട്ടില്‍ കാത്തിരുന്നത്. വിമാനത്താവളത്തില്‍ വന്‍വരവേല്‍പാണ് സംഘത്തിന് ലഭിച്ചത്. ബ്യൂണസ് അയേഴ്‌സിലെ ഒബിലിസ്‌കിയിലായിരിക്കും ആഘോഷ പരിപാടികള്‍. ലോകകപ്പ് നേടിയ നിമിഷമുതല്‍ ആഘോഷത്തിമിര്‍പ്പിലാണ് അര്‍ജന്റീന. രാവുറങ്ങാതെ ആ ദിവസം നഗരത്തില്‍ പതിനായിരങ്ങളാണ് തെരുവുകളിലുള്ളത്.
Comments are closed for this post.