
കളിക്കാരും ആരാധകരും സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ പുളഞ്ഞു കൊണ്ടിരിക്കെ ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം എതിരാളികയുടെ ഗോള്‍വല കുലുങ്ങിയ ആ നിമിഷം. എല്ലാം അവസാനിച്ചു എന്ന് കണ്ണീരുറവാകാന് സാധ്യതയുണ്ടായിരുന്ന ഒരു ദിവസത്തെ ആനന്ദക്കണ്ണീരില്‍ കുളിപ്പിച്ച ആ ഒരു നിമിഷം. ഇതിലും മനോഹരമായി മറ്റെന്തുണ്ട് ഈ ലോകകപ്പില്‍ ഓര്‍ത്തു വെക്കാന്‍. എന്നാല്‍ ഈ വിജയത്തിന്റെ സന്തോഷത്തെ ഹൃദയത്തിലേറ്റു വാങ്ങി ഇനിയുമേറെ താണ്ടേണ്ടതുണ്ടെന്ന് തന്നെത്തന്നെയും പ്രിയപ്പെട്ടവരേയും ഓര്‍മിപ്പിക്കുകയാണ് ഫുട്ബോളിലെ മാന്ത്രികന് ലിയെ മെസ്സി.
ജയം അനിവാര്യമായിരുന്നൊരു കളി ജയിച്ചിരിക്കുന്നു. എന്നാല്‍ അടുത്ത കളിയും ഇതുപോലെ ഒന്നിച്ചു നീങ്ങല് അത്രമേല്‍ അനിവാര്യമാണെന്നാണ് മിശിഹാ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പോളണ്ടുമായുള്ള കളിയെ ഫൈനലെന്നാണ് മെസ്സി വിശേഷിപ്പിച്ചിരിക്കുന്നത്.
‘ഇന്ന് നമുക്ക് ജയിക്കണമായിരുന്നു, നാം ജയിച്ചു. ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു. നനമ്മളൊരുമിച്ച് ഇനിയും പോരാടേണ്ടതുണ്ട്. നമുക്ക് മുന്നേറാം അര്‍ജന്റീന’ മെസി ഫേസ്ബുക്കില്‍ കുറിക്കുന്നു.
‘ഒരുപാട് ഓര്‍മകള്‍, നല്ല നിമിഷങ്ങള്‍.. നമ്മുടെ രാജ്യത്തെയും ദേശീയ ടീമിനെയും പ്രതിനിധീകരിക്കുന്നതില്‍ എപ്പോഴും അഭിമാനിക്കുന്നു. ആവേശത്തോടെ നമ്മള് നാളെ മറ്റൊരു ലോകകപ്പ് ആരംഭിക്കുന്നു. നമ്മള് എല്ലാവരും ഒരുമിച്ച് മുന്നേറും’ എന്നാണ് ലോകകപ്പിലെ ആദ്യ മത്സരത്തിനു മുന്‍പ് മെസി ഫേസ് ബുക്കില്‍ കുറിച്ചത്.
ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്ക് എതിരെ നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ ജയം. ലയണല്‍ മെസിയും എന്‍സൊ ഫെര്‍ണാണ്ടസുമാണ് ഗോള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ സഊദി അറേബ്യയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.
Comments are closed for this post.