
തിരുവനന്തപുരം: വ്യക്തമായ ആധിപത്യം പുലര്‍ത്തി കായിക കിരീടം നിലനിര്‍ത്തി പാലക്കാട്. 64ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി മലപ്പുറം റണ്ണേഴ്സ് അപ്പായി. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 149 പോയിന്റുമായാണ് മലപ്പുറത്തിന്റെ ശക്തമായ മുന്നേറ്റം.
എട്ടു സ്വര്‍ണവും 16 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 122 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായിരുന്ന എറണാകുളം ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വ്യക്തിഗത സ്കൂള്‍ വിഭാഗത്തില്‍ വമ്പന്മാരായ സ്കൂളുകളെ ഏറെ പിന്നിലാക്കി മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ഓവറോള്‍ ചാംപ്യന്മാരായി.
ഏഴു സ്വര്‍ണം, ഒന്‍പത് വെള്ളി, നാവു വെങ്കലം ഉള്‍പ്പെടെ 66 പോയിന്റുമായാണ് ഐഡിയല്‍ ഒന്നാമതെത്തിയത്. പാലക്കാട് കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍ ഏഴു സ്വര്‍ണവും ആറു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 54 പോയിന്റുമായി രണ്ടാമതും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ് മൂന്നു സ്വര്‍ണവും ആറു വെള്ളിയും ഒമ്പത് വെങ്കലുമായി 42 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.
Comments are closed for this post.