പാരിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ അച്ചടക്ക നടപടിയുമായി പി.എസ്.ജി ക്ലബ്. അനുവാദമില്ലാത്ത സഊദി അറേബ്യ സന്ദര്‍ശിച്ച മെസിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ക്ലബ്. രണ്ടാഴ്ചത്തേക്കാണ് നടപടി.
അച്ചടക്ക നടപടി നേരിടുന്ന സമയത്ത് മെസിക്ക് കളിക്കാനും പരിശീലനത്തിനും അനുമതിയില്ല. സസ്‌പെന്‍ഷന്‍ കാലയളവിലെ പ്രതിഫലം പി.എസ്.ജി മെസിക്ക് നല്‍കില്ല. താരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം തിരികെ എത്തുമ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമേ മെസിക്ക് കളിക്കാനാവൂ.
ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസ്സിയും കുടുംബവും സഊദിയിലെത്തിയത്. ലോറിയന്റിനെതിരെ 31ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സഊദിയിലേക്ക് തിരിച്ചത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സഊദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് മാനേജര്‍ ക്രിസ്റ്റഫ് ഗാട്ട്‌ലിയറും സ്‌പോര്‍ട്ടിങ് അഡ്വൈസര്‍ ലൂയിസ് കാമ്പോസും അനുമതി നല്‍കിയിരുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മെസിയുടെ സഊദി സന്ദർശനത്തിന് സഊദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറായ മെസ്സി ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബത്തെയും സഊദിയിലേക്ക് സ്വാഗതം ചെയ്തു. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സഊദിയിലെത്തിയിരുന്നു.
മെസ്സിയെ ടീമിലെത്തിക്കാന്‍ സഊദിയിലെ അല്‍ ഹിലാല്‍ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാല്‍, ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് കരുതുന്നത്.
Comments are closed for this post.