2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘എക്‌സലന്റല്ലാ’തെ ജി.വി രാജ; ‘ദ്രോണരു’ടെ കളിയില്‍ ഒന്‍പതാമന്‍ ഒന്നാമനായ കഥ!

യു.എച്ച് സിദ്ദീഖ്

 

  •  ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഖേലോ ഇന്ത്യ എക്‌സലന്‍സ് സെന്റര്‍ അത്‌ലറ്റിക്‌സ് ചീഫ് കോച്ച് നിയമനത്തില്‍ അട്ടിമറി
  • വിജിലന്‍സ് അന്വേഷണം തുടങ്ങിയപ്പോള്‍ വീണ്ടും അപേക്ഷക്ഷണിച്ച് കായിക ഡയറക്ടറേറ്റ്

 

കോഴിക്കോട്: ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ അഭിമാന പരിശീലകരില്‍ മുന്‍നിരക്കാരാണ് മലയാളികളായ മുഹമ്മദ് കുഞ്ഞിയും രാജ്‌മോഹനും പി.പി പോളും എം.എ ജോര്‍ജും സി. മുരളീധരനുമൊക്കെ. പക്ഷെ, ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഖേലോ ഇന്ത്യ എക്‌സലന്‍സ് സെന്ററില്‍ അത്‌ലറ്റിക്‌സ് ചീഫ് കോച്ച് ആയി സേവനം ചെയ്യാന്‍ ഇവരൊന്നും യോഗ്യരല്ലെന്നാണ് കേരളത്തിലെ കായിക ഭരണക്കാര്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നത്. കളിക്കളങ്ങളിലെ മികവ് മാത്രം പോരത്രെ!… രാഷ്ട്രീയക്കാരെ പ്രത്യേകിച്ച് ഭരിക്കുന്നവരെ നന്നായി മണിയടിക്കാനും പഠിച്ചാലെ ചീഫ് കോച്ചാകാന്‍ കഴിയൂവെന്നാണ് കേരളത്തിലെ കായിക രംഗത്തെ ഉറപ്പായും നന്നാക്കാനിറങ്ങിയവര്‍ വ്യക്തമാക്കുന്നത്.

അല്ലെങ്കില്‍ പിന്നെ ഖേലോ ഇന്ത്യ എക്‌സലന്‍സ് സെന്ററിലെ അത്‌ലറ്റിക്‌സ് ചീഫ് കോച്ചിന്റെ നിയമന പട്ടികയിലെ ഈ മുന്‍നിരക്കാര്‍ എങ്ങനെ പുറത്താകും. അഭിമുഖത്തില്‍ ഒന്നു മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയ ഇവരെ ഒഴിവാക്കി ഒന്‍പതാമനെ കുടിയിരുത്തും. കാരണം ഒന്നേയുള്ളൂ. ട്രാക്കിന് പുറത്തെ കളികള്‍ക്ക് ഇത്രകാലം നിന്നുകൊടുക്കാത്ത, ഇനിയും നില്‍ക്കില്ലെന്ന് ഉറപ്പുള്ള ഇവരെ നിയമിക്കുക പ്രയാസകരം തന്നെയാണ്. അതുകൊണ്ടൊക്കെയാണ് ആരാന്റെ വിയര്‍പ്പിന്റെ പങ്കുപറ്റി ‘ദ്രോണാചാര്യനാ’യ കളത്തിന് പുറത്തെ കളികളിലൂടെ മാത്രം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഉന്നതങ്ങളില്‍ കയറിക്കൂടിയ ബഡാ സാബ് നേരിട്ടറിങ്ങി ഒന്നാമനെ വെട്ടി ഒന്‍പതാമനായി കരുക്കള്‍ നീക്കിയത്.

ചീഫ് കോച്ച് നിയമനത്തിന് 2021 ജനുവരിയില്‍ അപേക്ഷ ക്ഷണിച്ചത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) യുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ്. അപേക്ഷ ക്ഷണിച്ചതും അഭിമുഖം നടത്തി സര്‍ട്ടിഫിക്കറ്റുകളും കായിക രംഗത്തെ സംഭാവനകളുമൊക്കെ പരിശോധിച്ച് പട്ടിക തയ്യാറാക്കിയതും സംസ്ഥാന കായിക യുവജനക്ഷേമ ഡയറക്ടറേറ്റാണ്. ജോലിയൊക്കെ കൃത്യമായി തന്നെ ചെയ്തു. പട്ടിക അന്നത്തെ കായിക മന്ത്രിയുടെ ഓഫിസിലേക്ക് കൈമാറുകയും ചെയ്തു. നിയമനം വന്നപ്പോള്‍ ഒന്നാമനടക്കം മുന്‍നിരക്കാരെല്ലാം പുറത്ത്. ഒന്‍പതാമനായി പോയ പരിശീലകന്‍ ചീഫ് കോച്ചും. വേതനം ഒരു ലക്ഷവും. പത്ത് ലക്ഷത്തിലധികം വേതനവും  ഇതുവരെ കൈപ്പറ്റിക്കഴിഞ്ഞു.

അങ്ങനെ ഒരു വര്‍ഷം കേരളത്തിലെ അത്‌ലറ്റിക്‌സിനെ പരിപോഷിപ്പിച്ച് കഴിയുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഒരു പരാതി എത്തുന്നത്. പിന്നാലെ വിജിലന്‍സിലും. നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. പിന്നാലെ വിജിലന്‍സ് ജി.വിരാജയിലും കായിക ഡയറക്ടറേറ്റിലും എത്തി പ്രാഥമികാന്വേഷണം നടത്തുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തു. സംഗതി ഗുലുമാലാകുമെന്നായതോടെ പുതിയ നിയമനങ്ങള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കായിക ഡറക്ടറേറ്റ്.

2021 ല്‍ അപേക്ഷിച്ചപ്പോള്‍ തന്നെ സായ് നിര്‍ദേശിച്ച യോഗ്യതയില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഉന്നത ഇടപെടലിലൂടെ ‘ചീഫ് ‘ കോച്ച് അഭിമുഖത്തില്‍ കയറിക്കൂടി. അപേക്ഷ നല്‍കുമ്പോള്‍ ഇല്ലാതിരുന്ന മാനദണ്ഡമനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വളരെ വേഗം ഹാജരാക്കിയായിരുന്നു അഭിമുഖത്തിലെയും പട്ടികയിലെയും കയറിക്കൂടല്‍. എ.എഫ്.ഐയിലെ ഉന്നതന്റെ നീക്കമാണ് വളരെ വേഗം സര്‍ട്ടിഫിക്കറ്റുകള്‍ തലസ്ഥാനത്തു പറന്നെത്തിയതും നിയമനം വേഗത്തിലാക്കിയതും.

പതിറ്റാണ്ടുകളായി രാജ്യത്തിനായി നിരവധി കായിക പ്രതിഭകളെ സൃഷ്ടിച്ചു കഴിവ് തെളിയിച്ച പരിശീലകരാവട്ടെ അട്ടിമറിക്കെതിരേ പരാതി നല്‍കാനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ പിന്മാറി.

ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം മുറുകിയതോടെ ‘സര്‍ട്ടിഫിക്കറ്റ് കഥകള്‍’ അങ്ങാടി പാട്ടാകാതിരിക്കാന്‍ ‘ദ്രോണാചാര്യന്‍’ തലസ്ഥാനത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബഡാ സാബ്.

ഇതിന്റെ ഭാഗമായാണ് ഖേലോ ഇന്ത്യാ എക്‌സലന്‍സ് സെന്ററിലേക്ക് അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ വിഭാഗങ്ങളിലേക്ക് ചീഫ് കോച്ച് നിയമനത്തിന് ഉള്‍പ്പെടെ മാര്‍ച്ച് 16 ന് അപേക്ഷക്ഷണിച്ച് സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് വിജ്ഞാപനം ഇറക്കിയത്. അത്ര ‘എക്‌സലന്റല്ലെന്ന്’ തിരിച്ചറിഞ്ഞാണ് തട്ടിപ്പില്‍ നിന്ന് പുറത്തു കടക്കാനും തെറ്റുത്തിരുത്താനും കായിക വകുപ്പും ശ്രമം തുടങ്ങിയത്.

വാല്‍കഷണം: വ്യാജ ഡോക്ടര്‍മാരുടെ ചികിത്സ ജീവന് ഭീഷണിയാണ്. കായിക രംഗത്തും വ്യാജന്മാരെ സൂക്ഷിച്ചാല്‍ ഇന്ത്യയുടെ കായിക ഫാക്ടറി തുരുമ്പെടുക്കില്ല. ഇല്ലെങ്കില്‍ ‘ഉറപ്പാ’യും നശിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.