2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റാവാന്‍ ബ്ലാസ്‌റ്റേഴ്‌സ്

പനജി: കന്നി ലീഗ് ഷീല്‍ഡ് കിരീട തിളക്കത്തില്‍ ജംഷഡ്പുര്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ഫത്തോര്‍ദയില്‍ ഇന്ന് രാത്രി 7.30 നാണ് ആദ്യസെമി പോരാട്ടം. 20 കളികളില്‍ നിന്ന് 43 പോയിന്റുമായാണ് ആദ്യ സെമി ഫൈനലിന് ജംഷഡ്പുര്‍ ഇറങ്ങുന്നത്. വെല്ലുവിളികളെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനം ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് 2016 ന് ശേഷം ആദ്യമായാണ് സെമിയില്‍ കളിക്കാനിറങ്ങുന്നത്. അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ് ഡയസ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ് തുടങ്ങി മികച്ചതാരനിരയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. ലീഗിലെ ആദ്യപോരാട്ടം സമനിലയില്‍ കുരുങ്ങിയപ്പോള്‍ രണ്ടാം പോരില്‍ ജംഷഡ്പൂര്‍ 30 ന് ബ്ലാസറ്റേഴ്‌സിനെ തകര്‍ത്തിരുന്നു. ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.

പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ തന്ത്രങ്ങളുടെ മികവാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ലീഗില്‍ നാല് തോല്‍വിയും ഏഴു സമനിലകളുമായി ഒന്‍പത് ജയത്തിന്റെ കരുത്തുമായാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും വലിയ ആരാധകക്കൂട്ടമുള്ള ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. 34 ഗോള്‍ സ്‌കോര്‍ ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത് 20 ഗോളുകള്‍. ജംഷഡ്പുര്‍ തോറ്റത് മൂന്നു പോരാട്ടങ്ങളില്‍ മാത്രം. കളിച്ച 19 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും 10 അസിസ്റ്റുകളുമായി മിന്നുന്ന ഫോമിലുള്ള ഗ്രെഗ് സ്റ്റുവര്‍ട്ടാണ് ജംഷഡ്പുരിന്റെ പോരാളി. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഈസ്റ്റ് ബംഗാളില്‍ നിന്ന് എത്തിയ ഡാനിയല്‍ ചിമ ചുക്കുവാണ് ജംഷഡ്പൂരിന്റെ മറ്റൊരു പ്രധാന താരം. സ്ഥിരതയുള്ള ടീമാണ് ജംഷഡ്പുര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.