
ദോഹ: ലോകകപ്പ് തുടങ്ങുന്നതിനും എത്രയോ മുമ്പ് തുടങ്ങിയതാണ് ഖത്തറിനെതിരായ വിദ്വേഷ പ്രചാരണങ്ങള്‍. ഇപ്പോഴും മറിച്ചല്ല കാര്യങ്ങള്‍. ജനവികാരം ഈ കുഞ്ഞു രാജ്യത്തിനെതിരാകുന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വളച്ചൊടിക്കാന്‍ മത്സരിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. വംശീയതയും വര്‍ണവെറിയും നിറഞ്ഞ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രചരിപ്പിക്കുന്നതെല്ലാം കള്ളങ്ങളാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് വിദേശത്തു നിന്ന് അതിഥികളായി അവിടെയെത്തിയ ഫുട്ബോള്‍ ആരാധകര്‍. ഇത്തരത്തില്‍ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ പങ്കുവെക്കുന്നത്.
‘ഞങ്ങള്‍ ഇവിടെ വരുന്നതിനു മുമ്പ് നിരവധി വിദ്വേഷം വമിക്കുന്നതും വെറുപ്പുളവാക്കുന്നതും മോശവുമായ കാര്യങ്ങളാണ് ഇവിടത്തെ കുറിച്ച് സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമെല്ലാം കേട്ടത്. എന്നാല്‍ ഫുട്ബോള്‍ പോലെ തന്നെ ഈ നാടും അതിന്റെ സംസ്ക്കാരവുമെല്ലാം അടുത്തറിയാമെന്നു കരുതിയാണ് ഞങ്ങള്‍ വന്നത്. ഇവിടെ വന്നതോടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഈ രാജ്യത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യത്തില്‍ ഏറെ അകലെയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ശുദ്ധമായ സ്നേഹം, പരസ്പര ബഹുമാനം. എല്ലാവരും പരസ്പരം സഹായിക്കുന്നു. സാമൂഹ്യമായി കെട്ടിപ്പടുത്ത ജീവിതരീതി. നിക്കത് ഇഷ്ടമായി. ഇനിയും ഇവിടെ വരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’- വീഡിയോയില്‍ ഒരു യുവാവ് പറയുന്നു.
ഖത്തറിലെ ഇമാം അബ്ദുല്‍ വഹാബ് പള്ളി സന്ദര്‍ശിച്ചതിന്റെ അനുഭവവും അദ്ദേഹം വ്യക്തമാക്കുന്നു. നിങ്ങള്‍ മുസ്ലിമാവാന്‍ ഉദ്ദേശിക്കുന്നുണ്ടോ അതിനാണോ പള്ളിയില്‍ പോയത് എന്നായി ആങ്കറുടെ ചോദ്യം. അതേകുറിച്ചും തങ്ങള്‍ ചിന്തിക്കാതെയല്ല എന്നായിരുന്നു വിദേശികളായ യുവാക്കളുടെ മറുപടി. പള്ളിയില്‍ തങ്ങള്‍ക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചും അവിടെ നിന്ന് കിട്ടിയ സമ്മാനത്തെ കുറിച്ചുമുള്ള സന്തോഷവും അവര്‍ പങ്കുവെക്കുന്നു. വെള്ളവും പുസ്തകങ്ങളും, പ്രവാചകനെ കുറിച്ചും മറ്റുമുള്ള അറിവുകള്‍ പകര്‍ന്നു തരുന്നതാണെന്നും സന്തോഷത്തോടെ ഇവര്‍ പറയുന്നു.
ഖത്തര്‍ വസ്ത്രം ധരിക്കുന്നതിന്റെ സന്തോഷം വിദേശ കാണികള്‍ പങ്കുവെക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Comments are closed for this post.