മഡ്ഗാവ്: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സിയേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്‌കോറിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 22ാം മിനുട്ടില്‍ പ്രതിരോധ താരം കോസ്റ്റയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. എന്നാല്‍ 36ാം മിനുട്ടില്‍ വാള്‍സ്‌കിസ് ഗോള്‍ തിരിച്ചടിച്ച് സമനില കണ്ടെത്തി. ഇതോടെ ഇരു ടീമുകളും സമ്മര്‍ദത്തിലായി. പിന്നീട് ഇരു ടീമുകളും ഗോളിന് വേണ്ടി ശക്തമായ മത്സരമാണ് പുറത്തെടുത്തത്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ലാല്‍റുവാതാര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി. എന്നിട്ടും പോരാട്ട വീര്യം പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് ശക്തമായ മുന്നേറ്റത്തിനൊടുവില്‍ 79ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. 79ാം മിനുട്ടില്‍ ജോര്‍ദാന്‍ മുറെയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. രണ്ടാം ഗോളിന്റെ ആവേശം മാറും മുമ്പ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും സ്വന്തമാക്കി ലീഡ് ഉയര്‍ത്തി. ഇത്തവണ ജംഷഡ്പുര്‍ ഗോള്‍ കീപ്പര്‍ രഹ്നേശിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 82ാം മിനുട്ടില്‍ ജോര്‍ദാന്‍ മറെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ നേടിയത്. എന്നാല്‍ അധികം വൈകാതെ വാല്‍സ്‌കിസിലൂടെ ജംഷഡ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഒന്നാക്കി കുറച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് സമ്മര്‍ദത്തിലായി. ഇതോടെ മുന്നേറ്റനിരയില്‍ നിന്ന് ഒരു താരത്തെ പിന്‍വലിച്ച് അബ്ദുല്‍ ഹക്കുവിനെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ കട്ടികൂട്ടി. ഫൈനല്‍ വിസില്‍ വിളിച്ചപ്പോള്‍ ഐ.എസ്.എല്‍ ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുര്‍ എഫ്.സിയെ പരാജയപ്പെടുത്തി.
Comments are closed for this post.