2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

‘നെയ്മറേ…’ വീല്‍ ചെയറിലിരുന്ന് കുഞ്ഞാന്‍ വിളിച്ചു; ഓടിയെത്തി കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ച് സൂപ്പര്‍ താരം

ദോഹ: ഇത്രമേല്‍ വീല്‍ ചെയര്‍ സൗഹൃദമായ മറ്റൊരു ലോകകപ്പ് ലോകത്ത് അരങ്ങേറിയിട്ടുണ്ടോ എന്നറിയില്ല. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ഭിന്നശേഷിക്കാരാണ് ഇത്തവണ ഫുട്‌ബോള്‍ മാമാങ്കം കാണാനെത്തിയിരിക്കുന്നത്. വീല്‍ചെയറില്‍ ഉള്ളവര്‍ക്ക് ഏറ്റവും സുഗമമായി മുന്നില്‍ ഇരുന്നുകൊണ്ടുതന്നെ കളി കാണാന്‍ സൗകര്യം. നേരത്തേ ഓണ്‍ലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും സാധാരണ ടിക്കറ്റ് ലഭ്യമല്ലാതിരുന്നപ്പോഴും, ഓരോ കളിക്കും നിശ്ചിത ടിക്കറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി മാറ്റിവെച്ചിരുന്നതിനാല്‍ അവര്‍ക്ക് വേണ്ടി യഥേഷ്ടം ടിക്കറ്റുകളും ലഭ്യമായിരുന്നു. ഇവര്‍ക്ക് പാര്‍ക്കിംഗ് മുതല്‍ ഗ്യാലറി വരെ തിക്കിലും തിരക്കിലും പെടാതെ സുഗമമായി എത്തിച്ചേരാനുള്ള സംവിധാനം, അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാര്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകം ടോയ്‌ലെറ്റ്…അങ്ങിനെ സംവിധാനങ്ങളുടെ നിര തന്നെ ഒരുക്കിയിരിക്കുന്നു ഖത്തര്‍ ഭരണകൂടം.

കേരളത്തില്‍ നിന്നും പോയിട്ടുണ്ട് നിരവധി പേര്‍ കളി കാണാന്‍ ഖത്തറിലേക്ക്. അവരിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണക്കാരന്‍ കുഞ്ഞാന്‍ എന്ന ഉമര്‍ ഫാറൂഖ് കാലമേറെയായി താന്‍ മനസ്സില്‍ താലോലിച്ചൊരു സ്വപ്‌നം ഖത്തറില്‍ സാധ്യമായത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഇഷ്ട താരം നെയ്മറിനെ അടുത്തു കണ്ടു. കണ്ടത് മാത്രമല്ല. കെട്ടിപ്പിടിച്ചു. സ്‌നേഹം കൈമാറി. ഫോട്ടോയെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ സ്റ്റേഡിയം 974ല്‍ നടന്ന ബ്രസീല്‍ ദക്ഷിണ കൊറിയ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ആ നിമിഷം.

നെയ്മറിനെ അടുത്തുകാണാനുള്ള മോഹവുമായി ടീം ഹോട്ടലായ വെസ്റ്റിന്നില്‍ ഉച്ചക്ക് എത്തിയിട്ടും നടക്കാത്ത സ്വപ്നവുമായാണ് സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. ഭിന്നശേഷിക്കാര്‍ക്കുള്ള ഇരിപ്പിട സ്ഥലത്തെ വളന്റിയര്‍മാരോട് ആവശ്യപ്പെട്ടിട്ടും അനുവാദം നല്‍കിയില്ല. ഇതിനിടയിലാണ് ബ്രസീല്‍ ടീമിനൊപ്പമുള്ള ഫിഫ ഒഫീഷ്യലിനോട് ആഗ്രഹം ബോധിപ്പിക്കുന്നത്. അവര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗ്രൗണ്ടില്‍നിന്ന് ഡ്രസിങ് റൂമിലേക്കുള്ള വഴിയിലെത്തിക്കുന്നത്. മിനിറ്റുകള്‍ക്കകം പ്രീമാച്ച് പ്രാക്ടിസ് കഴിഞ്ഞ് ഇതാ മുന്നിലൂടെ നെയ്മറും ആല്‍വസും കൂട്ടുകാരും കടന്നുപോകുന്നു. ആല്‍വസ്, റിച്ചാര്‍ലിസണ്‍, മാര്‍ക്വിനോസ് എന്നിവരെത്തി കൈ നല്‍കിയും ഫോട്ടോക്ക് പോസ് ചെയ്തും മടങ്ങി.

പിന്നീടായിരുന്നു നെയ്മറിന്റെ വരവ്. ചിത്രം പകര്‍ത്തരുത്, ഉറക്കെ സംസാരിക്കരുത്, കളിക്കാരെ വിളിക്കരുത് എന്നീ നിര്‍ദേശങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും നെയ്മറിനെ കണ്ടപ്പോള്‍ കുഞ്ഞാന് നിയന്ത്രണങ്ങളെല്ലാം നഷ്ടമായി. ‘നെയ്മര്‍…’ എന്ന് നീട്ടിവിളിച്ചു. വിളികേട്ട നെയ്മര്‍ തിരികെ നടന്ന് അരികിലെത്തി. തൊട്ടരികിലെ വീല്‍ചെയറിലുണ്ടായിരുന്നവരെയും ഹസ്തദാനം ചെയ്തായിരുന്നു നെയ്മര്‍ മടങ്ങിയത്. തൊട്ടരികില്‍നിന്നും സഹായി ഷബീബ് പകര്‍ത്തിയ വിഡിയോ മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലുമായി.

‘വാക് വിത്ത് കുഞ്ഞാന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള ഇദ്ദേഹം നവംബര്‍ 13 മുതല്‍ ഖത്തറിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.