2023 March 21 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘എല്ലാവരുടെ ജീവിതത്തിലും താങ്കള്‍ താങ്കളെ അടയാളപ്പെടുത്തിയിട്ടുണ്ട്, ഏത് ലോകകപ്പ് നേടുന്നതിനേക്കാളും അപ്പുറമാണത്’ വികാരാധീനയായി റിപ്പോര്‍ട്ടര്‍, സ്വതസിദ്ധമായ നനുത്ത ചിരിയോടെ മെസ്സി

ദോഹ: നിസ്സംശയം പറയാം. ലയണല്‍ മെസ്സി എന്നത് ഒരു വികാരമാണ്. അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് മാത്രമല്ല, ശത്രുക്കള്‍ക്ക് പോലും കളിക്കളത്തില്‍ തന്റെ മാന്ത്രികക്കാലുമായി മായാജാലം തീര്‍ക്കുന്ന ആ വരയന്‍ കുപ്പായക്കാരനെ ഇഷ്ടമാണ്. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ഇത്തവണ മെസ്സി കപ്പുയര്‍ത്തണമെന്ന് ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നവരാണ് മിക്ക ഫുട്‌ബോള്‍ പ്രേമികളും.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ മെസിയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ വികാരാധീനയാവുന്നതാണ് വീഡിയോ. അത്യന്തം വൈകാരികമായ അവരുടെ വാക്കുകള്‍ തന്‍രെ സ്വതസിദ്ധമായ നനുത്ത ചിരിയോടെ കേള്‍ക്കുകയാണ് മെസ്സി.

അവസാനമായി എനിക്ക് താങ്കളോട് പറയാനുള്ള കാര്യം അതൊരു ചോദ്യമല്ല- അവര്‍ പറഞ്ഞു തുടങ്ങുന്നു.

‘ലോകകപ്പ് വരികയാണ്. ഉറപ്പായിട്ടും ലോകകപ്പ് നേടണം എന്നു തന്നെയാണ് ഞങ്ങള്‍ മുഴുവന്‍ അര്‍ജന്റീനക്കാരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു കാര്യം ഞാന്‍ താങ്കളോട് പറയുകയാണ്. റിസല്‍ട്ട് എന്തു തന്നെയായാലും അതൊരു പ്രശ്‌നമല്ല. താങ്കളില്‍ നിന്ന് ആര്‍ക്കും എടുക്കാനാവാത്ത ചിലതുണ്ട്. നിങ്ങള്‍ അര്‍ജന്റീനക്കാരെ പ്രതിധ്വനി കൊള്ളിക്കുന്നു എന്നത് വസ്തുതയാണ്. ഞാന്‍ ഗൗരവകരമായി പറയട്ടെ. എല്ലാ ഓരോരുത്തരേയും. നിങ്ങളുടെ ടീമിനെ പുകഴ്ത്താതവരായി ഒരു കുഞ്ഞു പോലുമില്ല. അത് വ്യാജമാണോ, യഥാാര്‍ത്ഥമാണോ കെട്ടിച്ചമക്കപ്പെട്ടതാണോ എന്നൊന്നും വിഷയമല്ല. സത്യമായും നിങ്ങള്‍ എല്ലാവരുടെ മനസ്സിലും നിങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏത് ലോകകപ്പ് നേടുന്നതിനേക്കാളും അപ്പുറമാണത്. ആര്‍ക്കും നിങ്ങളില്‍ നിന്ന് അത് തട്ടിയെടുക്കാനാവില്ല. ഒരുപാടാളുകള്‍ക്ക് താങ്കള്‍ നല്‍കിയ അളവറ്റ സന്തോഷത്തിനുള്ള എന്റെ കൃതജ്ഞതയാണിത്’ വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.

ഡിസംബര്‍ 18നാണ് ഫൈനല്‍. മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ആണ് എതിരാളി. ഈ ഫൈനല്‍ ലോകകപ്പിലെ തന്റെ അവസാന മത്സരമാണെന്ന് സംമിക്കു ശേഷം മെസ്സി പ്രഖ്യാപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.