കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനും പത്മശ്രീ, ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ ഒ.എം നമ്പ്യാര്‍ അന്തരിച്ചു. 89 വയസായിരുന്നു. പി.ടി ഉഷയുടെ പരിശീലകന്‍ എന്ന നിലയിലാണദ്ദേഹം കൂടുതല്‍ അറിയപ്പെട്ടത്. വടകര മണിയൂരിലെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യം.
1985ല്‍ ആദ്യത്തെ ദ്രോണാചാര്യ അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു. ജി.വി രാജ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷമാണ് പത്മശ്രീ നല്‍കി ആദരിച്ചത്.
കേരളത്തിലെ പ്രശസ്ത അത്‌ലറ്റിക് കോച്ചുകളിലൊരാളായിരുന്നു ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം. നമ്പ്യാര്‍. പി.ടി. ഉഷയുടെ പരിശീലകനായാണ് പ്രസിദ്ധിയും അംഗീകാരവും നേടിയത്. മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരുന്നു. കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
1935-ല്‍ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ പ്രിന്‍സിപ്പലിന്റെ ഉപദേശം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. ചെന്നൈ താംബരത്തെ റിക്രൂട്ടിംഗ് സെന്ററില്‍ നിന്ന് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് 1955-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സര്‍വീസസിനെ പ്രതിനിധീകരിച്ച് ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്തര്‍ ദേശീയ മത്സരങ്ങളിള്‍ പങ്കെടുത്ത് രാജ്യത്തിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചിരുന്നില്ല.
Comments are closed for this post.