2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹോക്കിയില്‍ തോറ്റപ്പോള്‍ വന്ദനക്കു നേരെ, ക്രിക്കറ്റില്‍ പ്രതി ഷെമി; ഇതാണ് ഇന്ത്യന്‍ ‘കായിക സ്‌നേഹ’ത്തിന്റെ പുതിയ മുഖം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ വല്ല മുസ്‌ലിമോ ദലിതോ ഉണ്ടോ കളിയില്‍ തോറ്റാല്‍ പിന്നെ അവരുടെ കാര്യം പോക്കാണ്. സൈബര്‍ ആക്രമണം, വീടിനു നേരെയുള്ള ആക്രമണം, കരിതേപ്പ് അങ്ങിനെ ഇനങ്ങള്‍ പലതുണ്ടാവും അവരെ വരവേല്‍ക്കാന്‍. ഇതാണ് രാജ്യത്തിന്റെ പുതിയ കായിക സ്‌നേഹമെന്ന് അടിവരയിടുകയാണ് കഴിഞ്ഞ രണ്ട് സംഭവങ്ങള്‍.

ആദ്യത്തേത് ഒളിമ്പിക്‌സ് ആണ്. ഒളിമ്പിക്‌സില്‍ വനിത ഹോക്കി ടീം നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ടീമിലെ ദലിത് കളിക്കാരിയായ വന്ദന കതാരിയക്ക് നേരെയായിരുന്നു പഴി. വന്ദനയുടെ വീടിന് മുന്നില്‍ തടിച്ചു കൂടി ജാതി അധിക്ഷേപം നടത്തുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. അവര്‍ക്കു നേരെ വധഭീഷണി വരെയുണ്ടായി.

ഇപ്പോഴിതാ ക്രിക്കറ്റ് താരം മുഹമ്മദ് ഷെമിയാണ് ഇര. ഷമിയെ പാകിസ്താന്‍ ചാരനായി മുദ്രകുത്തുന്നതിലേക്കും മുസ്‌ലിം സ്വത്വം തെരഞ്ഞുപിടിച്ച് സൈബര്‍ ലിഞ്ചിങ് നടത്തുന്നതിലേക്കും കാര്യങ്ങളെത്തി. ഒരു മുസ്‌ലിം പാകിസ്താനൊപ്പം നില്‍ക്കുന്നു. സ്വന്തം സമുദായത്തെ ജയിപ്പിക്കാനായി എത്ര പണം കിട്ടി. ഇന്ത്യന്‍ ടീമിലെ ബ്ലഡി പാകിസ്താനി. തുടങ്ങി അങ്ങേഅറ്റം ഭീകരവും അശ്ലീലവുമാണ് പല കമന്റുകളും.

2015ല്‍ ഇന്ത്യന്‍ സംഘത്തിന് കരുത്തായ വലംകൈയന്‍ ബൗളര്‍

പാകിസ്താന്‍ ഉള്‍പെടെ ടീമുകളെ വിറപ്പിച്ചു നിര്‍ത്തിയിട്ടുണ്ട് 2015 ലോകകപ്പില്‍ മുഹമ്മദ് ഷെമിയെന്ന വലംകൈയന്‍ ബൗളര്‍. ഇന്ത്യപാക് മത്സരത്തില്‍ പരിചയ സമ്പന്നനായ യൂനുസ് ഖാനെ 11 റണ്‍സില്‍ പുറത്താക്കിയവനാണ്. ആ ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിനെ ആ ചെറുപ്പക്കാരന്‍ നയിക്കുമെന്നതിന്റെ സൂചിക മാത്രമായിരുന്നു ആ വിക്കറ്റ്. പിന്നേയും മൂന്ന് വിക്കറ്റ് കൂടി ഷമി എറിഞ്ഞിട്ടു. 76 റണ്‍സെടുത്ത മിസ്ബയും 22 റണ്‍സെടുത്ത അഫ്രീദിയും ഷമിയുടെ കൃത്യതയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 76 റണ്‍സിന് വിജയിച്ചിരുന്നു. ഷമി ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 35 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ്. അതൊരു തുടക്കമായിരുന്നു. ധോണി നയിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ സെമിയില്‍ ആസ്‌ത്രേലിയയ്ക്ക് മുന്നില്‍ വീണെങ്കിലും 17 വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷമി മുന്നിട്ട് നിന്നു. 2015 ലോകകപ്പില്‍ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടുമ്പോള്‍ ഷമി കാല്‍മുട്ടിനേറ്റ പരിക്കിനാല്‍ വലയുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുന്നത്. കരിയറിന്റെ തുടക്കം മുതല്‍ വിവേചനം നേരിട്ട താരമാണ് മുഹമ്മദ് ഷമി. അണ്ടര്‍ 19 ടീമിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാര്‌റി നിര്‍ത്തപ്പെട്ടു. രാഷ്ട്രീയ ഇടപെടലുകളാണ് ഇതിന് പിന്നിലെന്നായിരുന്നു സംസാരം. ഏതായാലും അന്ന് തന്റെ പരിശീലകന്റെ നിര്‍ദേശപ്രകാരം കൊല്‍ക്കത്തയിലേക്ക് സ്വയം പറിച്ച് നട്ടു ഷമി. കഠിനാധ്വാനങ്ങല്‍ ഏറെ പിന്നിട്ട് ഒടുവില്‍ 2013 ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം.

2017 ലാണ് ഷമി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. 2017 ജൂലൈയില്‍ ഷമി തിരിച്ചുവന്നതിന് ശേഷം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെ ഇന്ത്യ 38 ടെസ്റ്റുകള്‍ കളിച്ചു. ഇക്കാലയളവില്‍ ഷമി 28 മത്സരങ്ങളാണ് ഷെമി ഇന്ത്യക്കായി കളിച്ചത്.

ഈ ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയിലെ കേവല പ്രചാരണങ്ങളല്ല
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കേവല പ്രചാരണങ്ങല്ല ഈ ആക്രമണങ്ങള്‍. പാകിസ്താന്‍ ജയിച്ചതിന്റെ പേരില്‍ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. നിങ്ങള്‍ പാകിസ്താനികളാണെന്ന് പറഞ്ഞുകൊണ്ടാണ് ആ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതാദ്യമായല്ല ഇത്തരത്തില്‍ വിദ്വേഷ പ്രചരണങ്ങളും വംശീയ ആക്രമണങ്ങളും രാജ്യത്തുണ്ടാകുന്നതും.

ഏറെയൊന്നും കാലം മുമ്പായിരിക്കില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പാകിസ്താനു വേണ്ടി ജയ് വിളിച്ചവര്‍ ഏറെയുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. വസീം അക്രത്തേയും ശാഹിദ് അഫ്രീദിയേയും ശുഐബ് അക്തറിനേയും ഹൃദയത്തോട് ചേര്‍ത്തുവെച്ചവര്‍. എന്നാല്‍ കഥ മാറിയിരിക്കുന്നു. സ്‌പോര്‍ട്‌സ് എന്നതിനപ്പുറം ‘രാജ്യസ്‌നേഹ’ത്തിന്റെ അളവുകോല്‍ ആയിരിക്കുന്നു കളിയില്‍ നാമാരെ പിന്തുണക്കുന്നു എന്നത്.

കഴിഞ്ഞ ദിവസത്തെ കളി തന്നെ നോക്കുക. കഴിഞ്ഞ കുറച്ചു കാലങ്ങളില്‍ നിന്ന് പാകിസ്താന്‍ ടീം ഒരുപാട് മാറിയിരിക്കുന്നു. ബാബര്‍ അസം. ഷഹീന്‍ അഫ്രീദി തുടങ്ങി മികവുറ്റ താരനിരയുമായി അവര്‍ തിരിച്ചു വന്നിരിക്കുന്നു. അതിനെല്ലാമപ്പുറം അതിഗംഭീരമായൊരു കളി അവര്‍ ഞായറാഴ്ച ഇന്ത്യക്കെതിരെ കളിച്ചിരിക്കുന്നു.

എന്നാല്‍ അതൊന്നും ഇവിടെ ബാധകമല്ല. രാജ്യത്തിന്റെ ജഴ്‌സിയില്‍ കളിക്കുന്നു എന്നതിനേക്കാള്‍ അവരുടെ മതവും ജാതിയും ഏതെന്ന് നോക്കി മാത്രം കയ്യടിക്കാനും അധിക്ഷേപിക്കാനും എന്ന് തീരുമാനിക്കുന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു ഇന്ത്യന്‍ കായിക പ്രേമികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.