2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കുറസാവോക്കു മേല്‍ അര്‍ജന്റീനിയന്‍ ഗോള്‍ വര്‍ഷം

ബ്യൂണസ് ഐറിസ്: ലോകകപ്പ് സൗഹൃദ മത്സരത്തില്‍ കുറസാവോയ്ക്കു മേല്‍ അര്‍ജന്റീനിയന്‍ ഗോള്‍ വര്‍ഷം. ഏഴു ഗോളുകളാണ് നീലപ്പടക്കാര്‍ നേടിയത്. എതിരാളികളെ തിരിച്ചനങ്ങാന്‍ സമ്മതിക്കാതെയായിരുന്നു മെസിയുടേയും കുട്ടികളുടേയും ഗോള്‍മഴ.

മെസി, നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് ഗോള്‍ നേടിയത്. ഹാട്രിക് നേടിയ മെസി ഇതോടെ അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി. മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.

20ാം മിനിറ്റിലായിരുന്നു മെസി 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെല്‍സോയില്‍ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. ലാറ്റിനമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു താരം രാജ്യത്തിന് വേണ്ടി 100 ഗോള്‍ പൂര്‍ത്തിയാക്കുന്നത്.

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം നിക്കോളാസ് ഗോണ്‍സാലിന്റെ ഗോള്‍. ലൊ സെല്‍സോയുടെ കോര്‍ണര്‍ കിക്ക് ജെര്‍മന്‍ പെസല്ല ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തു. എന്നാല്‍ ഗോള്‍ലൈനില്‍ പ്രതിരോധതാരം സേവ് ചെയ്‌തെങ്കിലും പന്ത് ബോക്‌സില്‍ തന്നെ ഉയര്‍ന്നു പോന്തി. തക്കംപാത്ത ഗോണ്‍സാലസ് അനായാസം ഹെഡ് ചെയ്ത് ഗോളാക്കി.

33ാം മിനിറ്റില്‍ ഗോണ്‍സാലസിന്റെ അസിസ്റ്റില്‍ മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണ ബോക്‌സില്‍ നിന്ന് പാസ് സ്വീകരിച്ച് മെസി തന്റെ പരമ്പരാഗത ശൈലിയില്‍ ഇടങ്കാലുകൊണ്ട് പന്ത് ഗോള്‍വര കടത്തി.

35ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. അസിസ്റ്റ് മെസി വക. ബോക്‌സില്‍ ഗോളടിക്കാന്‍ പാകത്തില്‍ പന്ത് വാങ്ങിയ മെസിയെ കുറസാവോ പ്രതിരോധ താരങ്ങള്‍ വളഞ്ഞു. ഇതോടെ മെസി പന്ത് ബോക്‌സിന് പുറത്തേക്ക് പാസ് നല്‍കി. ഓടിവന്ന് എന്‍സൊ തൊടുത്ത ഷോട്ട് വലകുലുക്കി.

37ാം മിനിറ്റില്‍ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. മെസിയും ലോ സെല്‍സോയും നടത്തിയ നീക്കമാണ് ഗോളില്‍ അവസാനിച്ചത്. മധ്യവരയ്ക്ക് പിന്നില്‍ നിന്ന് തുടങ്ങിയ നീക്കം മെസിയുടെ ഗോളില്‍ അവസാനിച്ചു.

78ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡ് ആറാക്കി ഉയര്‍ത്തി. 87ാ മിനിറ്റില്‍ മോന്റീലിലൂടെ അര്‍ജന്റീന അവസാന ഗോളും നേടി. ഇത്തവണ പാസ് നല്‍കിയ പൗളോ ഡിബാല.

ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരമെന്ന പ്രത്യേക കൂടിയുണ്ട് ഈ കളിക്ക്. 86ാം റാങ്കുകാരാണ് കുറസവോ. കഴിഞ്ഞ ദിവസമാണ് ഫിഫ റാങ്കിംഗില്‍ ബ്രസീലിന്റെ ഒന്നാം സ്ഥാനം അര്‍ജന്റീന ്വന്തമാക്കിയത്. ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്ത് എത്തുക.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീല്‍ കൈവിട്ടിരുന്നില്ല. എന്നാല്‍ ഏപ്രിലില്‍ പുതിയ റാങ്കിംഗ് വരുമ്പോള്‍ ബ്രസീലിനെ മറികടന്ന് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തും. ലോകകപ്പിന് ശേഷമുള്ള ആദ്യമത്സരത്തില്‍ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. പനാമയെ തോല്‍പിച്ചതോടെ അര്‍ജന്റീന റാങ്കിംഗ് പോയിന്റില്‍ ബ്രസീലിനെ മറികടന്നു. നിലവിലെ റാങ്കിംഗില്‍ ബ്രസീലിന് 1840.77 പോയിന്റും അര്‍ജന്റീനയ്ക്ക് 1836.38 പോയിന്റുമാണുള്ളത്. മൊറോക്കോയോട് തോറ്റതോടെ ബ്രസീലിന് 6.56 പോയിന്റ് നഷ്ടമാവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.