അബുദാബി: യുഎഇ പ്രസിഡന്റിന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ മയ്യിത്ത് നമസ്കാരം നടന്നു. അബുദാബിയിലെ അൽ ബതീനിൽ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഒന്നാം പള്ളിയിൽ ളുഹ്റ് നമസ്‌കാരത്തിന് (യുഎഇ സമയം ഉച്ചയ്ക്ക് 12.30ന്) ശേഷമാണ് മയ്യിത്ത് നമസ്കാരം നടന്നത്. പ്രസിഡൻഷ്യൽ കോടതിയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ എല്ലാ പള്ളികളിലും ഈ സമയം മയ്യിത്ത് നമസ്കാരം നടന്നു.
അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ഇന്ന് വൈകിട്ട് 4.30 മുതൽ 6.30 വരെ അനുശോചനം സ്വീകരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 4.30 മുതൽ 6.30 വരെയും രണ്ട് സെഷനുകളിലായി അനുശോചനം സ്വീകരിക്കുമെന്നും അറിയിച്ചു. രാജ്യത്ത് ഇന്ന് മുതൽ 3 ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു.
അതേസമയം, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന് അനുശോചനങ്ങളുമായി നിരവധി നേതാക്കൾ എത്തി. ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിക് യുഎഇക്ക് അനുശോചന സന്ദേശം അയച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ചു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും ഷെയ്ഖ് സയീദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വിറ്റർ വഴി അനുശോചനം രേഖപ്പെടുത്തി. ഇറാഖി കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റിന്റെ പ്രധാനമന്ത്രി മസ്‌റൂർ ബർസാനിയും അനുശോചനം രേഖപ്പെടുത്തി.
ആരോഗ്യ സംബന്ധമായ പ്രശനങ്ങൾ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് മരണപ്പെട്ടത്. പ്രസിഡൻഷ്യൽ കോടതിയാണ് മരണവാർത്ത പുറത്തുവിട്ടത്. മരണത്തെ തുടർന്ന് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് യുഎഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 29 വരെ യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
അബുദാബി ഭരണാധികാരി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധിയായിരുന്നു അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍. പ്രതിനിധിയായി നിരവധി ഔദ്യോഗിക രാജ്യാന്തര സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
Comments are closed for this post.