റിയാദ്: സഊദിയിൽ ചരക്ക് വാഹനങ്ങൾ, ബസ് തുടങ്ങി വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് നാല് വിധത്തിലുള്ള പ്രത്യേക കാർഡുകൾ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) നടപ്പിലാക്കുന്നു. ബസ്, ചരക്ക് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളോടും വ്യക്തികളോടും ഡ്രൈവർ കാർഡുകൾ നേടിയിരിക്കണമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ആവശ്യപ്പെട്ടു.
താത്കാലിക കാർഡ്, സീസണൽ കാർഡ്, ആനുവൽ ഡ്രൈവർ കാർഡ്, റസ്ട്രിക്റ്റഡ് കാർഡ് എന്നിങ്ങനെ നാല് വിധത്തിലുള്ള കാർഡുകളാണ് നൽകുന്നത്. ഈ കാർഡുകൾ ഡ്രൈവർമാരെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രൊഫഷണൽ കഴിവ് വർദ്ധിപ്പിക്കാനും, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗതാഗത പ്രവർത്തനങ്ങളിൽ സുരക്ഷാ ആവശ്യകതകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
താത്കാലിക കാർഡ്: ഡ്രൈവിംഗ് വിസയും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസും ഉള്ള ഡ്രൈവർമാർക്കായി നൽകുന്ന താൽക്കാലിക ഡ്രൈവർ കാർഡിന്റെ കാലാവധി 90 ദിവസമായിരിക്കും എന്നാൽ, അത് പുതുക്കാൻ കഴിയില്ല.
സീസണൽ കാർഡ്: ഹജ്ജ് സീസൺ പ്രമാണിച്ച് സീസണൽ അടിസ്ഥാനത്തിൽ പ്രത്യേക ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്കായി അതോറിറ്റി നൽകുന്നതാണിത്. പ്രത്യേകിച്ച് സീസണൽ ബസ് ഡ്രൈവർ വിസ കൈവശമുള്ളവർക്കായാണ് ഇത് നൽകുന്നത്. ഈ കാർഡ് ഹജ്ജ്, ഉംറ തുടങ്ങിയ സീസണുകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ കാലാവധിയും 90 ദിവസമാണ്. എന്നാൽ ഇത് ഒരു തവണ കൂടി 90 ദിവസത്തേക്ക് പുതുക്കാൻ കഴിയും.
ആനുവൽ ഡ്രൈവർ കാർഡ്: വർഷം തോറും സൂചിപ്പിച്ച എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്കായി നൽകുന്നതാണ്. ഒരു വർഷം കാലാവധിയുള്ള ഈ കാർഡ് പുതുക്കാൻ കഴിയും.
റസ്ട്രിക്റ്റഡ് കാർഡ്: ചരക്ക് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്കായി പ്രത്യേകമായി, സർക്കാർ ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള് കാർഡുകൾ ആണ് മറ്റൊന്ന്. ഇതിന്റെ കാലാവധി 30 ദിവസമാണ്. അത് പുതുക്കാനാകില്ല.
ഡ്രൈവർ കാർഡുകൾ ലഭിക്കേണ്ടവർ ട്രാൻസ്‌പോർട്ട് പോർട്ടലിന്റെ വെബ്സൈറ്റ് സന്ദർശിക്കാമെന്നും ലഭ്യമായ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും സൗകര്യപ്രദമായും എളുപ്പത്തിലും പ്രയോജനപ്പെടുത്താമെന്നും അതോറിറ്റി സൂചിപ്പിച്ചു.
ഈ കാർഡുകൾ ഡ്രൈവർമാരെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രൊഫഷണൽ കഴിവ് വർദ്ധിപ്പിക്കാനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗതാഗത പ്രവർത്തനങ്ങളിൽ സുരക്ഷാ ആവശ്യകതകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
Comments are closed for this post.