
113ാം വസസ്സില്‍ കൊവിഡ് ബാധിച്ചെങ്കിലും അതിജീവിച്ചു
ബാഴ്സലോണ: ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ് ലോകം. 118 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈല്‍ റാന്‍ഡന്‍ കഴിഞ്ഞ ദിവസം മരിച്ചതോടെ 115 വയസ്സുള്ള സ്പാനിഷ് വനിത മരിയ ബ്രാന്യാസ് മൊറേറയാണ് നിലവില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ സൂചിപ്പിച്ചു. പ്രമാണങ്ങള്‍ പരിശോധിച്ച് മൊറേറയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ.
അമേരിക്കയില്‍ ജനിച്ച സ്പാനിഷ് മുത്തശ്ശി മൊറേറയ്ക്ക് ഇതുവരെ ആശുപത്രിയില്‍ പോകേണ്ടിവന്നിട്ടില്ലെന്ന് അവരുടെ ഇളയ മകള്‍ 78 കാരിയായ റോസ മോറെറ്റ് പറയുന്നു. അമ്മയുടെ ദീര്‍ഘായുസ്സിനു കാരണം ‘ജനിതകശാസ്ത്രം’ ആണ്. അവര്‍ നല്ല ആരോഗ്യവതിയാണ്. അസ്ഥികള്‍ ബലക്ഷയം സംഭവിച്ച് നുറുങ്ങുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മകള്‍ പറഞ്ഞു. 20 വര്‍ഷത്തോളമായി വടക്കുകിഴക്കന്‍ സ്പെയിനിലെ ഒലോട്ടിലെ സാന്താ മരിയ ഡെല്‍ ടുറ നഴ്സിങ് ഹോമിലാണ് താമസം.
1918ലെ ഇന്‍ഫ്ലുവന്‍സ, രണ്ട് ലോകമഹായുദ്ധങ്ങള്‍, സ്പെയിനിലെ ആഭ്യന്തരയുദ്ധം എന്നിവയിലൂടെ ജീവിച്ച മൊറേറയ്ക്ക് 113ാം വസസ്സില്‍ കൊവിഡ് ബാധിച്ചെങ്കിലും ആശുപത്രിയില്‍ പോകാതെ തന്നെ ഭേദമായി. ഇവരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍.
1907 മാര്‍ച്ച് 4ന് സാന്‍ ഫ്രാന്‍സിസ്കോയിലാണ് ജനനം. ഒന്നാം ലോകമഹായുദ്ധം നടക്കുന്നതിനാല്‍ 1915ല്‍ മുഴുവന്‍ കുടുംബവും അറ്റ്ലാന്റിക്കിലൂടെ കപ്പലില്‍ ജന്മനാടായ സ്പെയിനിലേക്ക് മടങ്ങുകയായിരുന്നു. യാത്രയുടെ അവസാനത്തില്‍ പിതാവ് ക്ഷയരോഗം ബാധിച്ച് മരിച്ചു. ശവപ്പെട്ടി കടലില്‍ എറിയപ്പെട്ടു. ബ്രാന്യാസ് മൊറേറയും അമ്മയും ബാഴ്സലോണയില്‍ സ്ഥിരതാമസമാക്കി. സ്പെയിനിലെ 1936-39 ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് 1931ല്‍ അവള് ഒരു ഡോക്ടറെ വിവാഹം കഴിച്ചു. 72ാം വയസ്സില്‍ ഭര്‍ത്താവ് മരിക്കുന്നതുവരെ ദമ്പതികള്‍ നാല് പതിറ്റാണ്ടോളം ഒരുമിച്ചു ജീവിച്ചു. നാല് മക്കളില്‍ ഒരാള്‍ മരിച്ചു. 11 പേരക്കുട്ടികളും ഇവരിലായി 11 കൊച്ചുമക്കളുമുണ്ട്.
Comments are closed for this post.