2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഗവി വരവറിയിച്ചു; ലോകകപ്പിന്റെ താരനിരയിലേക്ക്

1958ല്‍ ബ്രസീല്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോഡും ഇനി ഗവിക്ക് സ്വന്തം. 1958ല്‍ സ്വീഡനെതിരേ ബ്രസീലിന്റെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ ഗോള്‍ നേടുമ്പോള്‍ പെലെക്ക് 17 വയസ്സായിരുന്നു. 1966ന് ശേഷമുള്ള ഒരു ലോകകപ്പ് മത്സരത്തില്‍ ഒരു ഷോട്ട് പോലും സ്വന്തം പോസ്റ്റിലേക്ക് അനുവദിക്കാതെ ഏറ്റവും കൂടുതല്‍ പാസുകളും (1,043) ഏറ്റവും ഉയര്‍ന്ന പൊസഷന്‍ ശതമാനവും (81.3) നേടി ചരിത്രപരവും ആധികാരികവുമായ വിജയമാണ് കോസ്‌റ്റോറിക്കക്കതിരേ സ്‌പെയിന്‍ നേടിയത്

നിഷാദ് അമീന്‍

പ്രതിഭയുടെ കൈയൊപ്പ് പ്രകടമാക്കുന്ന മിന്നുന്ന ഗോളിനൊപ്പം മിഡ്ഫീല്‍ഡില്‍ എണ്ണയിട്ട യന്ത്രംപോലെ ഗവി അടരാടിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ നിരവധി ഏടുകളാണ് ഖത്തറില്‍ തിരുത്തേണ്ടിവന്നത്. കോസ്‌റ്റോറിക്കക്കെതിരേ ഗവിയുടെ മിന്നലാട്ടത്തില്‍ സ്‌പെയിന്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് (7-0) കുറിച്ചത്. 2010ല്‍ പോര്‍ച്ചുഗല്‍ ഉത്തരകൊറിയയെ 7-0ന് തോല്‍പിച്ച ശേഷം ലോകകപ്പിലെ ഏറ്റവും വലിയ വിജയം.

സ്പാനിഷ് പ്രൊഫഷണല്‍ ഫുട്‌ബോളറായ ഗവി എന്ന പാബ്ലോ മാര്‍ട്ടിന്‍ പേസ് ഗവിര ലോകകപ്പിലെ തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ ഫിഫയുടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് വരവറിയിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗോള്‍ സ്‌കോററാണ് ഗവി. 18 വയസ്സും 110 ദിവസവുമാണ് പ്രായം.

1958ല്‍ ബ്രസീല്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോഡും ഇനി ഗവിക്ക് സ്വന്തം. 1958ല്‍ സ്വീഡനെതിരേ ബ്രസീലിന്റെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ ഗോള്‍ നേടുമ്പോള്‍ പെലെക്ക് 17 വയസ്സും 249 ദിവസവുമായിരുന്നു പ്രായം. ഇതിന്റെ 10 ദിവസം മുമ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോര്‍ ചെയ്ത് ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെ സ്വന്തം പേരില്‍ എഴുതിയിരുന്നു. 1930ലെ ഉദ്ഘാടന ടൂര്‍ണമെന്റില്‍ 18 വയസും 93 ദിവസവും പ്രായമുള്ളപ്പോള്‍ വലകുലുക്കിയ മെക്‌സിക്കോയുടെ മാനുവല്‍ റോസാസാണ് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സ്‌കോറര്‍.

ഒരു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്‌പെയിനിനായി ബൂട്ടണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡും ഗവി സ്വന്തംപേരിലെഴുതി. വിശേഷണങ്ങള്‍ ഏറെയുള്ള ഗവി ഈ മല്‍സരത്തോടെ എല്ലാവരുടെയും ‘നോട്ടപ്പുള്ളി’യായി. ബാഴ്‌സലോണയുടെയും സ്‌പെയിന്‍ ദേശീയ ടീമിന്റെയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് ഈ പ്രതിഭ. ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ പിറന്ന മികച്ച ഗോളുകളിലൊന്നാണ് ഗവിയുടേത്. അളന്നുമുറിച്ച് പെനാല്‍റ്റി ബോക്‌സിലേക്ക് ലഭിച്ച ക്രോസ് ഓടിയെത്തിയ ഗവി വലതുബൂട്ടിന്റെ പുറംഭാഗം കൊണ്ട് വണ്‍ടച്ചില്‍ പോസ്റ്റിന്റെ മൂലയിലേക്ക് പായിക്കുമ്പോള്‍ ബാറിനുകീഴിലെ അതികായന്‍ കെയ്‌ലര്‍ നവാസിന് കാഴ്ചക്കാരനാവേണ്ടിവന്നു. ഫിഫയുടെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടുന്നതില്‍ ഇതു നിര്‍ണായകമായി.

സ്‌പെയിനിന്റെ ടിക്കിടാക്ക കേളീശൈലിയുടെ മനോഹാരിത പ്രകടമായ മല്‍സരമായിരുന്നു ഇത്. 1966ന് ശേഷമുള്ള ഒരു ലോകകപ്പ് മത്സരത്തില്‍ ഒരു ഷോട്ട് പോലും സ്വന്തം പോസ്റ്റിലേക്ക് അനുവദിക്കാതെ ഏറ്റവും കൂടുതല്‍ പാസുകളും (1,043) ഏറ്റവും ഉയര്‍ന്ന പൊസഷന്‍ ശതമാനവും (81.3) നേടി സ്‌പെയിനിന്റെ ചരിത്രപരവും ആധികാരികവുമായ വിജയമായി അത് മാറി.

‘ഇതൊരു മികച്ച ഗെയിമായിരുന്നു. ഈ ഗെയിം വിജയിക്കാന്‍ ഞങ്ങള്‍ ആദ്യ മിനിറ്റില്‍ തുടങ്ങി, ഞാന്‍ ശരിക്കും സന്തോഷവാനാണ്- ഗവി മല്‍സരശേഷം പറഞ്ഞു. പന്ത് കൈവശംവയ്ക്കുന്നതിലും ഫിനിഷിങിലും അസാധാരണ പ്രകടനം തന്നെയാണ് ടീം പുറത്തെടുത്തതെന്ന് സ്‌പെയിന്‍ കോച്ച് ലൂയിസ് എന്റിക് വിലയിരുത്തി. 16 കളിക്കാരും മികച്ചവരാണെന്നും അടുത്ത ഞായറാഴ്ച ജര്‍മനിക്കെതിരേ ആരൊക്കെ കളിക്കുമെന്ന് പറയാനാവില്ലെന്നും കോച്ച് വ്യക്തമാക്കി. ആദ്യ മല്‍സരത്തിലെ ഇലവനെ തന്നെ തുടര്‍ന്നും കളിപ്പിക്കുന്ന ശീലം തനിക്കില്ലെന്നും ലൂയിസ് എന്റിക് പറയുന്നു. ഏതായാലും സ്‌പെയിന്‍-ജര്‍മനി മല്‍സരം വന്‍ശക്തികള്‍ കൊമ്പുകോര്‍ക്കുന്ന സോക്കര്‍ ത്രില്ലറായിരിക്കുമെന്നതില്‍ സംശയമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.