2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു; സംഭവം വാര്‍ത്താ സമ്മേളനത്തിനിടെ

ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു; സംഭവം വാര്‍ത്താ സമ്മേളനത്തിനിടെ

സിയോള്‍: ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു. വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ തുറമുഖ നഗരമായ ബൂസാനില്‍ വെച്ചാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ തലവന്‍ ലീ ജേ മ്യൂങ്ങിന് കുത്തേറ്റത്.

പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. ബൂസാനിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് നടത്തിയ സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീ. ഇതിനിടെ അനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടാണ് അക്രമി എത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. രക്തംവാര്‍ന്നു നിലത്തു വീണ ലീ മ്യൂങ്ങിനെ മിനിറ്റുകളെടുത്താണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ ഇടത്തേ ഭാഗത്ത് ഒരു സെന്റി മീറ്റര്‍ ആഴത്തില്‍ മുറിവുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

50നും 60നും ഇടയില്‍ പ്രായം തോന്നിക്കുന്നയാളാണ് അക്രമിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലീയുടെ ചിത്രം അടങ്ങിയ പേപ്പര്‍ കൊണ്ടുള്ള കിരീടം അണിഞ്ഞായിരുന്നു ഇയാള്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിലയുറപ്പിച്ചിരുന്ന ഇയാള്‍ മുന്നില്‍നിന്നാണു കുത്തിയത്. അക്രമിയെ ഉടന്‍ തന്നെ കീഴടക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്ന് വക്താവ് അറിയിച്ചു.

   

2022ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്കാണ് ലീ ജേ മ്യൂങ് തോറ്റത്. 0.73 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ വിജയം. ഇത്രയും ഇഞ്ചോടിഞ്ചു പോരാട്ടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായായിരുന്നു. 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലീ മത്സരിക്കുമെന്നാണ് അറിയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.