2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദ്യാര്‍ഥികളെ വലവീശി പിടിക്കാന്‍ കൊറിയയുടെ പഞ്ചവത്സര പദ്ധതി; മൂന്ന് ലക്ഷം പേര്‍ക്ക് അവസരം; വിസ നിയമങ്ങളിലും ഇളവ്

വിദ്യാര്‍ഥികളെ വലവീശി പിടിക്കാന്‍ കൊറിയയുടെ പഞ്ചവത്സര പദ്ധതി; മൂന്ന് ലക്ഷം പേര്‍ക്ക് അവസരം; വിസ നിയമങ്ങളിലും ഇളവ്

വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കൈനിറയെ അവസരങ്ങളൊരുക്കി കാത്തിരിക്കുകയാണ് ദക്ഷിണ കൊറിയ. കൊറിയയിലേക്കുള്ള വിദേശികളുടെ വരവ് കൂട്ടാനായി പുതിയ പല പദ്ധതികളും ആവിശ്കരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സൗത്ത് കൊറിയയില്‍ ചെന്ന് ഉപരിപഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിരുന്നു. 2020 ലെ കണക്കനുസരിച്ച് 153,695 വിദേശികളാണ് കൊറിയന്‍ കോളജുകളില്‍ പ്രവേശനം നേടിയത്. 2022 ലേക്കെത്തുമ്പോള്‍ എണ്ണം 166,892 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് കൊറിയയോടുള്ള പ്രിയം കൂടിയിട്ടേയുള്ളൂ. പ്രതിവര്‍ഷം 30,000 ലധികം വിദേശികള്‍ കൊറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നുണ്ടെന്നാണ് കണക്ക്. ഏഷ്യയിലെ വിദേശ വിദ്യാഭ്യാസ മാര്‍ക്കറ്റില്‍ ചൈനക്കും ജപ്പാനുമുള്ള ആധിപത്യം മറികടക്കുകയെന്ന ലക്ഷ്യവുമായാണ് കൊറിയ ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊറിയന്‍ വിദ്യാഭ്യാസ മന്ത്രാലയം പുതുക്കിയ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇനി മുതല്‍ കൊറിയയിലേക്ക് പഠനത്തിനും തൊഴിലിനുമായി എത്തുന്ന വിദേശികള്‍ക്ക് വിസ നടപടിക്രമങ്ങളിലടക്കം ഇളവ് നല്‍കാനാണ് തീരുമാനം. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയവും നിയമ മന്ത്രാലയവും കൂടിചേര്‍ന്ന് ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം നടപ്പിലാക്കുമെന്ന് കൊറിയന്‍ വിദ്യാഭ്യാസ മന്ത്രി ലീ ജു ഹോ പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥി ക്ഷാമം പരിഹരിക്കാനായി മൂന്ന് ലക്ഷം വിദ്യാര്‍ഥികളെ കൊറിയയിലേക്കെത്തിക്കുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറിയയുടെ നീക്കം ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും വമ്പന്‍ അവസരമാണ് കൈവന്നിരിക്കുന്നത്.

കൊറിയയിലെ ജനന നിരക്കില്‍ കഴിഞ്ഞ കുറച്ച് കാലമായി വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയത് തൊഴിലാളി ക്ഷാമത്തിനും പുതിയ തൊഴിലിടങ്ങളുടെ അഭാവത്തിനും കാരണമായെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതോടെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ് മേഖലകളില്‍ വിദഗ്ദ തൊഴിലാളികളെ കൊണ്ടുവരാനാണ് തീരുമാനം. ഇതോടൊപ്പം വിദേശ വിദ്യാര്‍ഥികള്‍ക്കായി കണ്ണഞ്ചിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളും മന്ത്രാലയം ഒരുക്കിയുട്ടുണ്ട്. ഗ്ലോബല്‍ കൊറിയ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലൂടെ പ്രതിവര്‍ഷം 2700 വിദേശ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനം. സയന്‍സിന് പുറമെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് മാസ്റ്റര്‍, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ഇതോടൊപ്പം സയന്‍സിതര വിഷയങ്ങളില്‍ പഠനം നടത്തുന്ന 6000 വിദ്യാര്‍ഥികള്‍ക്കായി പദ്ധതിക്ക് കീഴില്‍ മറ്റൊരു സ്‌കോളര്‍ഷിപ്പും നല്‍കാനാണ് തീരുമാനം.

പദ്ധതിയിലെ നിര്‍ദേശങ്ങള്‍

  1. പഞ്ച വത്സര വിദ്യാഭ്യാസ പദ്ധതി പ്രകാരം 300,000 വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കും.
  2. കൊറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കായി പ്രവേശന പരീക്ഷകളിലടക്കം ഇളവ് നല്‍കും.
  3. വിസ നടപടികള്‍ വേഗത്തിലാക്കാനായി ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം.
  4. സയന്‍സ്-ടെക്‌നോളജി വിഷയങ്ങളില്‍ മാസ്റ്റര്‍ ഡിഗ്രി, ഡോക്ടറേറ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിര താമസ പെര്‍മിറ്റ് ലഭിക്കുന്നതിനുളള കാലപരിധി ആറില്‍ നിന്ന് മൂന്നാക്കി കുറയ്ക്കും.
  5. ഇവര്‍ക്ക് കൊറിയന്‍ പൗരത്വം നേടുന്നതിനുള്ള കാലപരിധിയും മൂന്ന് വര്‍ഷമാക്കി ചുരുക്കും.
  6. സയന്‍സ് ടെക്‌നിക്കല്‍ വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വര്‍ക്ക് എക്‌സ്പീരയന്‍സ് നേടുന്നതിന് നേരിട്ട് അവസരമൊരുക്കും.
  7. ഡി-2 വിസയോ സ്റ്റുഡന്റ് വിസയോ ഉള്ളവര്‍ക്ക് ആഴ്ച്ചയില്‍ 40 മണിക്കൂര്‍ ജോലിയെടുക്കാനുള്ള അനുമതി നല്‍കും. നേരത്തെ 25 മണിക്കൂര്‍ ആയിരുന്നു സമയ പരിധി.
  8. വിദേശ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈമായി 30 മണിക്കൂറും ആഴ്ച്ചയില്‍ ജോലി ചെയ്യാനും അനുമതിയുണ്ട്.
  9. നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കൊറിയയിലെത്തുന്ന സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘ കാല താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായി ‘സയന്‍സ് കാര്‍ഡെന്ന’ പദ്ധതിയും പരിഗണനയിലുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.