
ഹേഗ്: ദക്ഷിണ ചൈന കടല്‍ തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ട്രിബ്യൂണല്‍ ഇന്ന് വിധി പറയും. ഫിലിപ്പൈന്‍സ് നല്കിയ ഹരജിയിലാണ് ട്രിബ്യൂണല്‍ വിധി പറയുന്നത്. അതേസമയം വിധിയെ അംഗീകരിക്കില്ലെന്ന് ചൈന പ്രതികരിച്ചു.
പ്രധാനമായും ഈ മേഖലയിലെ വിഭവങ്ങളില്‍ ലക്ഷ്യം വെച്ചാണ് വിവിധ രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നത്. വിധി ആര്‍ക്ക് അനുകൂലമായാലും മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ അത് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മേഖലയില്‍ ചൈന സൈനികരെ വിന്യസിക്കുന്നതും ചില രാജ്യങ്ങള്‍ അമേരിക്കയുടെ സഹായം തേടുന്നതും പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. വിധി അസാധുവാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടിക്കണക്കിന് ഡോളര്‍ വ്യപാരം നടക്കുന്ന ദക്ഷിണ ചൈന കടലില്‍ നിലവില്‍ ചൈന പരമാധികാരം ഉറപ്പിച്ചിരിക്കുകയാണ്.
ഫിലിപ്പൈന്‍സിന് പുറമെ തായ്വാന്, മലേഷ്യ, വിയറ്റ്നാം, ബ്രൂണെ എന്നീ രാജ്യങ്ങളും ഈ മേഖലയില്‍ അവകാശം ഉന്നയിക്കുന്നുണ്ട്. കടലിലെ എണ്ണ സമ്പത്തിലും മത്സ്യസമ്പത്തിലും തര്‍ക്കമുണ്ട്. വിധി ഫിലിപ്പൈന്‍സിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.