2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കൊവിഡ് കാലത്തെ വിവേകശൂന്യമായ നടപടി’: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഇന്ധനവില വര്‍ധിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രതിസന്ധി പരിഗണിച്ച് ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയമാണിത്. ഈ ഘട്ടത്തില്‍ തുടര്‍ച്ചയായ 10 ദിവസം ഇന്ധന വില വര്‍ധിപ്പിച്ച നടപടി തീര്‍ത്തും വിവേകശൂന്യമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. നടപടി ജനങ്ങളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കും. വില വര്‍ധനവിലൂടെ അമിത വരുമാനം നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്.

കൊവിഡ് സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുകയും മധ്യവര്‍ഗത്തിന്റെ വരുമാനം അതിവേഗം നശിപ്പിക്കുകയും ചെയ്യുന്ന സമയത്ത് വിലക്കയറ്റം അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 12 തവണ ഇന്ധന വിലയില്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു. ഇതില്‍ നിന്ന് 18 ലക്ഷം കോടി രൂപയുടെ വരുമാനം സര്‍ക്കാര്‍ ഉണ്ടാക്കി.

നിലവിലെ സാഹചര്യത്തില്‍ ഇന്ധന വില പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ധന വില വര്‍ധനവിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കിയ അമിത വരുമാനം ജനങ്ങളിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.