പുതിയ ഫോണുകള്‍ വാങ്ങിയാലോ അല്ലെങ്കില്‍ സമ്മാനമായി ഫോണ്‍ ലഭിച്ചാലോ പഴയ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എന്താണ് ചെയ്യാറ്? ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണായതുകൊണ്ട് തന്നെ വില്‍ക്കാന്‍ ഒട്ടുമിക്ക ആളുകള്‍ക്കും മടിയായിരിക്കും. മറ്റു ആവശ്യക്കാരില്ലെങ്കില്‍ സ്വാഭാവികമായും അത് ഒരു സ്ഥലത്ത് എടുത്തുവയ്ക്കും പിന്നീട് എടുത്ത് കളയും ഇതാണ് സാധാരണ സംഭവിക്കാറുള്ളത്.
എന്നാല്‍ കളയാന്‍ വരട്ടെ.. പഴയ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് പലതുണ്ട് ഉപയോഗം. കേടുപാട് സംഭവിച്ച ഫോണ്‍ ആണെങ്കില്‍ പോലും അവ നമുക്ക് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.
സെക്യൂരിറ്റി ക്യാമറയാക്കി മാറ്റാം
പഴയ ഫോണ്‍ നമുക്ക് സുരക്ഷാ ക്യാമറയായി ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി ആദ്യം സെക്യരിറ്റി ക്യാമറയായി ഡിവൈസിനെ മാറ്റുന്ന ഏതെങ്കിലും ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക. ചില ആപ്പുകള്‍ക്ക് പണം നല്‍കേണ്ടി വരും. കുറച്ച് പണം മുടക്കിയാലും കുഴപ്പമില്ല, കാരണം നിങ്ങള്‍ക്ക് മോഷന്‍ ഡിറ്റക്ഷന്‍, വീഡിയോ റെക്കോര്‍ഡിങ്, ലൈവ് വ്യൂ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഇതിലൂടെ ലഭിക്കും. വീട്ടിന്റെ ഏതെങ്കിലും ഭാഗത്ത് ഈ ക്യാമറ സ്ഥാപിച്ചാല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉണ്ടെങ്കില്‍ എവിടെയിരുന്നും ക്യാമറയുടെ നിരീക്ഷണത്തിലുള്ള സ്ഥലം നമുക്ക് കാണാം.
വയര്‍ലസ് ട്രാക്ക് പാഡായി ഉപയോഗിക്കാം
ശരിയായ സോഫ്റ്റ്വയറും അല്പം ബുദ്ധിയും ഉപയോഗിച്ചാല്‍ നമ്മുടെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ ട്രാക്ക് പാഡുകളാക്കി മാറ്റാന്‍ സാധിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിനെ ദൂരെയിരുന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വയര്‍ലസ് ട്രാക്ക് പാഡോ കണ്‍ട്രോളറോ ആക്കി മാറ്റാന്‍ സാധിക്കുന്ന നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ അലമാരയില്‍ തന്നെ ഉണ്ടാകും. മാക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയിലെല്ലാം ഓണ്‍ ഡിമാന്റ് കണ്‍ട്രോളറായി ഫോണുകള്‍ ഉപയോഗിക്കാം. ഇതിനായി യൂണിഫൈഡ് റിമോട്ട് എന്ന ആപ്പും വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവയില്‍ ഏതെങ്കിലും കണക്ഷനോ മാത്രം മതി.
റിമോട്ട് കമ്പ്യൂട്ടര്‍ ടെര്‍മിനലാക്കി മാറ്റാം
ഓഫീസില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വീട്ടിലുള്ള കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യണമെന്നുണ്ട് എങ്കില്‍ അതിന് പറ്റുന്ന രീതിയില്‍ റിമോട്ട് കമ്പ്യൂട്ടര്‍ ടെര്‍മിനലായും പഴയ സ്മാര്‍ട്ട്‌ഫോണുകളെ മാറ്റാം. ടീം വ്യൂവര്‍ അടക്കമുള്ള ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത്തരത്തില്‍ കമ്പ്യൂട്ടറിനെ നിയന്ത്രിക്കാന്‍ സാധിക്കും. കമ്പ്യൂട്ടറിലും ഫോണിലും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കണക്റ്റ് ചെയ്താല്‍ എളുപ്പം മറ്റെവിടെയെങ്കിലുമുള്ള കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാം.
യൂണിവേഴ്‌സല്‍ സ്മാര്‍ട്ട് റിമോട്ട് ആയി ഉപയോഗിക്കാം
എത്ര പഴയ ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണ്‍ ആയാലും അവയെ റിമോട്ടായി ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങളുടെ വീട്ടിലെ സ്മാര്‍ട്ട് ഡിവൈസുകളെയും റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഡിവൈസുകളെയും ഫോണില്‍ കണക്റ്റ് ചെയ്ത് വയ്ക്കുക. എംഐ ഫോണുകളില്‍ എംഐ റിമോട്ട് എന്ന ആപ്പ് തന്നെ ഉണ്ട്. ഇത്തരത്തില്‍ റിമോട്ട് ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നിലധികം ഡിവൈസുകളെ ഫോണിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.
വീഡിയോ കോണ്‍ഫന്‍സിങ് സ്റ്റേഷന്‍ ഉണ്ടാക്കാം
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ വീഡിയോ കോണ്‍ഫറന്‍സിനുള്ള ഒരു സ്റ്റേഷനാക്കി മാറ്റാം. ഇതിനായി സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകള്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത് വയ്ക്കുക. ഫോണ്‍ നിങ്ങളുടെ ഡെസ്‌കില്‍ സെറ്റ് ചെയ്ത് വയ്ക്കാം. കമ്പ്യൂട്ടറുകളുടെ വെബ് ക്യാം ആയിട്ടും നമുക്ക് ഫോണ്‍ മാറ്റാവുന്നതാണ്.
Comments are closed for this post.