ജൂണ്‍ നാലിന് ക്ലെര്‍മൗണ്ട് ഫൂട്ടിനെതിരെ നടന്ന മത്സരത്തോടെ മെസി, തന്റെ പാരിസ് കരിയറിന് അവസാനമിട്ടിരിക്കുകയാണ്. ഈ മത്സരത്തോടെ താരം പി.എസ്.ജി വിട്ടിരിക്കുകയാണ്.നേരത്തെ തന്നെ ലീഗ് ടൈറ്റില്‍ സ്വന്തമാക്കിയ പി.എസ്.ജിയെ സംബന്ധിച്ച മത്സര ഫലം അപ്രസക്തമായ കളിയില്‍ പി.എസ്.ജി പരാജയപ്പെട്ടു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി മത്സരത്തില്‍ തോറ്റത്. സെര്‍ജിയോ റാമോസ്, കിലിയന്‍ എംബാപ്പെ എന്നിവരാണ് മത്സരത്തില്‍ പി.എസ്.ജിയുടെ ആശ്വാസ ഗോളുകള്‍ സ്വന്തമാക്കിയത്.
എന്നാല്‍ അവസാന മത്സരം കളിക്കുന്ന മെസിയെ ചില പി.എസ്.ജി ആരാധകര്‍ കൂക്കി വിളിച്ചു എന്നുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. പാരിസ് അള്‍ട്രാസ് എന്നറിയപ്പെടുന്ന പാരിസ് ക്ലബ്ബിന്റെ ആരാധക കൂട്ടമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.2021ലാണ് ബാഴ്‌സലോണ വിട്ട് മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയത്. പാരിസ് ക്ലബ്ബിനായി ഇതുവരെ 75 മത്സരങ്ങളില്‍ നിന്നും 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്.
ലോകകപ്പിന് ശേഷം തന്റെ പ്രകടന മികവിന്റെ ശോഭ അല്‍പം കുറഞ്ഞ മെസിക്ക് പലപ്പോഴും പി.എസ്.ജി ആരാധകരുടെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായി.അതേ സമയം പി.എസ്.ജി വിട്ട ശേഷം മെസി എങ്ങോട്ടേക്ക് ചേക്കേറുമെന്ന സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.ബാഴ്‌സലോണ,അല്‍ ഹീലാല്‍, ഇന്റര്‍ മിയാമി തുടങ്ങിയ ക്ലബ്ബുകളില്‍ ഏതിലേക്കെങ്കിലും മെസി പോകും എന്ന തരത്തിലുളള ചര്‍ച്ചകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് പുരോഗമിക്കുന്നത്.
Comments are closed for this post.