
അമൃത്സര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.
കര്‍ഷക പ്രക്ഷോഭത്തെ ഇത്രയും കാലം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ ഒരു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നും മുന്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ലക്ഷ്മി കാന്ത ചൗള പറഞ്ഞു.
അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക സമരം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മിക്ക നേതാക്കളും. നിലവില്‍ ബി.ജെ.പിയിലെ നേതാക്കളില്‍ പലരും പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ യഥാര്‍ത്ഥ ചിത്രം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ മറ്റ് പാര്‍ട്ടി നേതാക്കളും സംസ്ഥാന നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 15നാണ് തെരഞ്ഞെടുപ്പ്. കര്‍ഷക രോഷം കണക്കിലെടുത്ത് ബി.ജെ.പി നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.