2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇനി ബഹിരാകാശത്ത് നിന്നും സൗരോര്‍ജം; മൂന്ന് വര്‍ഷത്തെ പഠനപദ്ധതിയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

ഭാവിയിലെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ ബഹിരാകാശത്തുനിന്നുള്ള സൗരോര്‍ജം വളരെയധികം സഹായകമാകും. രാത്രിയോ മേഘങ്ങളോ ഇല്ലാത്തതിനാല്‍ സൂര്യന്റെ ഊര്‍ജം ബഹിരാകാശത്ത് കൂടുതല്‍ കാര്യക്ഷമമായി ശേഖരിക്കാനാകും.

പാരിസ്: ദശലക്ഷക്കണക്കിന് വീടുകളിലേക്ക് ഭ്രമണപഥത്തില്‍ നിന്ന് വയര്‍ലെസ് വഴി വൈദ്യുതി എത്തിക്കാന്‍ കഴിയുമോയെന്ന പരീക്ഷണവുമായി ബഹിരാകാശ ഗവേഷകര്‍. മൂന്ന് വര്‍ഷത്തെ പഠനപദ്ധതിയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് രംഗത്ത്. ഫ്രാന്‍സിലെ പാരിസില്‍ ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ഗവേഷകര്‍ ഈ ആശയം അവതരിപ്പിച്ച് അനുമതി തേടുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

പഠന പദ്ധതിക്ക് ഈയാഴ്ച തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. വലിയ സോളാര്‍ ഫാമുകള്‍ ബഹിരാകാശത്ത് ഭീമന്‍ ഉപഗ്രഹങ്ങളായി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് നിലവിലുള്ള ഊര്‍ജ സ്രോതസ് മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറഞ്ഞതാകുമോ എന്നാണ് പരിശോധിക്കുന്നത്. ഓരോന്നിനും ഒരു പവര്‍ സ്റ്റേഷന്റെ അതേ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

നിരവധി ഓര്‍ഗനൈസേഷനുകളും മറ്റ് ബഹിരാകാശ ഏജന്‍സികളും ഈ ആശയം പരിശോധിച്ചെങ്കിലും, ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പദ്ധതിക്ക് കളമൊരുങ്ങുന്നത് ആദ്യമാണ്. സോളാരിസ് എന്നാണ് സംരംഭത്തിന് നല്‍കിയ പേര്. ബഹിരാകാശ പര്യവേക്ഷണം, പാരിസ്ഥിതിക നിരീക്ഷണം, ആശയവിനിമയം എന്നിവയ്ക്കുള്ള അടുത്തഘട്ട ബജറ്റ് തീരുമാനിക്കുന്ന യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ത്രിവത്സര കൗണ്‍സിലില്‍ മന്ത്രിമാര്‍ പരിഗണിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ഈ പദ്ധതി.

ഭാവിയിലെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ ബഹിരാകാശത്തുനിന്നുള്ള സൗരോര്‍ജം വളരെയധികം സഹായകമാകുമെന്ന് ഇസ ഡയറക്ടര്‍ ജനറല്‍ ജോസഫ് അഷ്ബാച്ചര്‍ പറഞ്ഞു. രാത്രിയോ മേഘങ്ങളോ ഇല്ലാത്തതിനാല്‍ സൂര്യന്റെ ഊര്‍ജം ബഹിരാകാശത്ത് കൂടുതല്‍ കാര്യക്ഷമമായി ശേഖരിക്കാനാകും. ഈ ആശയം 50 വര്‍ഷത്തിലേറെയായി നിലവിലുണ്ട്. പക്ഷേ ഇത് നടപ്പിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്. ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോര്‍ജം എന്ന ആശയം ഇനി സയന്‍സ് ഫിക്ഷന്‍ അല്ലെന്ന് സോളാരിസ് സംരംഭത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. സഞ്ജയ് വിജേന്ദ്രന്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.