2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സോളാര്‍: കേരളാ കോണ്‍ഗ്രസിനും പൊള്ളുന്നു; രാഷ്ട്രീയഭാവിയും പ്രതിസന്ധിയില്‍

എം. ഷഹീര്‍

കോട്ടയം: പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരായ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേരളാ കോണ്‍ഗ്രസ് (എം)ന്റെ രാഷ്ട്രീയഭാവിക്ക് കരിനിഴല്‍ വീഴ്ത്തുന്നു.
പാര്‍ട്ടിയെ പുതിയ കാലത്തിലേക്ക് നയിക്കാനിരിക്കുന്ന ജോസ് കെ. മാണി തന്നെ സോളാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത് നേതൃത്വത്തെ ചെറുതായൊന്നുമല്ല ഉലയ്ക്കുന്നത്. യു.ഡി.എഫ് വിട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ വിലപേശല്‍ ശക്തിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട കേരളാ കോണ്‍ഗ്രസ് (എം)ന്റെ കരുത്തു ചോര്‍ത്തുന്ന വഴിത്തിരിവായി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മാറി.
ഇടതുമുന്നണിയുമായി ധാരണയിലെത്തുമെന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. പാര്‍ട്ടിയുടെ പ്രധാന നേതാവിനുതന്നെ പ്രതിഛായ നഷ്ടമുണ്ടാകുന്നത് ഇടതുമുന്നണി പ്രവേശനം അടഞ്ഞ അധ്യായമായേക്കും. പുതിയ സാഹചര്യത്തില്‍ സി.പി.ഐയുടെയും സി.പി.എമ്മിലെ വി.എസ് അടക്കമുള്ള നേതാക്കളുടെയും മറ്റു ഘടകകക്ഷികളുടെയും എതിര്‍പ്പ് കൂടുതല്‍ ശക്തമാകുമെന്നതും കേരളാ കോണ്‍ഗ്രസിന് തിരിച്ചടിയാകും.
ഡിസംബറില്‍ പാര്‍ട്ടി സമ്മേളനത്തോടെ നടത്താനിരുന്ന രാഷ്ട്രീയനിലപാട് പ്രഖ്യാപനവും ഇതോടെ വെല്ലുവിളിയാകും.
ഫെബ്രുവരിയില്‍ ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന എല്‍.ഡി.എഫിന്റെ രാഷ്ട്രീയതന്ത്രത്തിനും ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. കൂടാതെ മാണിയും കൂട്ടരും എല്‍.ഡി.എഫിലേക്ക് പോകുന്നതിനോട് പാര്‍ട്ടിയിലെ ജോസഫ് വിഭാഗത്തിനും എതിര്‍പ്പുണ്ടായിരുന്നു.
എന്‍.ഡി.എ പ്രവേശനസാധ്യതകള്‍ സജീവമാക്കി നിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുകണ്ടാണ് ആ നീക്കം ഉപേക്ഷിച്ചത്. പാര്‍ട്ടിയുടെ സാമൂഹികാടിത്തറക്കുവരെ കോട്ടം തട്ടിയേക്കുമെന്ന സൂചനകളും മാറിച്ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചു.
കൂടാതെ ഇതേ സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുകകൂടി ചെയ്തതോടെ മാണിക്കും കൂട്ടര്‍ക്കും ബി.ജെ.പി ബന്ധം ബാലികേറാമലയായി മാറുകയായിരുന്നു. കേരളാ കോണ്‍ഗ്രസുമായി ഏറെക്കാലങ്ങളായി ഭിന്നതയിലുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യവും എന്‍.ഡി.എ പ്രവേശനം അസാധ്യമാക്കാന്‍ കാരണമായി. യു.ഡി.എഫിലേക്ക് മടങ്ങിയെത്തുകയെന്നത് തന്നെയാകും കേരളാ കോണ്‍ഗ്രസിന് മുന്നിലുള്ള ഏക പോംവഴി.
എന്നാല്‍, മുന്നണി വിട്ടുപോയ സാഹചര്യമല്ല ഇപ്പോള്‍ യു.ഡി.എഫിലുള്ളത്. കേരളാ കോണ്‍ഗ്രസ് മുന്നണിവിട്ടത് അനുഗ്രഹമായി കാണുന്നവരാണ് മധ്യതിരുവിതാംകൂറിലെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും അണികളും.
അവരുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ മാണിയെ മുന്നണിയിലേക്ക് തിരികെക്കൊണ്ടുവരികയെന്നത് യു.ഡി.എഫ് നേതൃത്വത്തിന് എളുപ്പമാവില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.