2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് കുമാര്‍ അടക്കം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് കുമാര്‍ അടക്കം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍, കേസില്‍ ഗൂഢാലോചന നടന്നതായി സി.ബി.ഐ. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന വിവരങ്ങള്‍ സി.ബി.ഐ നിരത്തുന്നത്.

കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ്‌കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാളെന്ന മൊഴിയാണ് സി.ബി.ഐ ശേഖരിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനല്‍കിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സി.ബി.ഐ തെളിവായി കണ്ടെത്തിയിരുന്നു.

ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കുന്നുണ്ട്. പീഡിപ്പിച്ചുവെന്ന് സാക്ഷിപറയണമെന്ന് പരാതിക്കാരി പിസി ജോര്‍ജ്ജിനോട് പറഞ്ഞുവെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പീഡിപ്പിച്ചത് കണ്ടില്ലെന്ന മൊഴിയാണ് പിസി ജോര്‍ജ്ജ് സിബിഐക്ക് നല്‍കിയത്.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.