2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

രേഖയെല്ലാം കൊടുത്തിട്ടും സൊഹൈദുല്‍ വിദേശി

കെ.എ സലിം 

 
ന്യൂഡല്‍ഹി: രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും ട്രൈബ്യൂണല്‍ കനിയാതിരുന്നതോടെ അസം ബാര്‍പ്പേട്ട ജില്ലയിലെ കല്‍ഗാച്ചിയ ഗ്രാമത്തിലെ ഷാഹിദുല്‍ എസ്.കെ എന്ന സൊഹൈദുല്‍ ഇസ്‌ലാമിന്റെ ജീവിതം ഇനി നരകതുല്യമായ ഡിറ്റന്‍ഷന്‍ ക്യാംപില്‍. രേഖകളും സാക്ഷിമൊഴികളുമെല്ലാം ഉണ്ടായിട്ടും സൊഹൈദുല്‍ വിദേശിയാണെന്ന് കംറൂപ്പിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിധിച്ചു. 
 
അസമിലെ മനുഷ്യവിരുദ്ധമായ ഡി വോട്ടര്‍ നിയമത്തിന്റെ ഏറ്റവും പുതിയ ഇരയാണ് സൊഹൈദുല്‍. ഡിസംബര്‍ 30ന് വിധി വരുംമുമ്പു തന്നെ വീട്ടില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്ത സൊഹൈദുലിനെ പുതുവര്‍ഷ ദിനത്തില്‍ ഗോല്‍പ്പാര ഡിറ്റന്‍ഷന്‍ ക്യാംപിലേക്കു മാറ്റി. ബാര്‍പേട്ടയിലെ സിക്കന്തര്‍ അലിയുടെ മകനായ 42കാരന്‍ സൊഹൈദുല്‍ റിക്ഷ വലിക്കുന്ന തൊഴിലാളിയാണ്. 
 
സൊഹൈദുല്‍ വിദേശിയാണെന്നും നുഴഞ്ഞുകയറ്റക്കാരനാണെന്നും ആരോപിച്ച് അസം ബോര്‍ഡര്‍ പൊലിസാണ് 2018ല്‍ കേസെടുത്തത്. ഉടന്‍ തന്നെ സൊഹൈദുലിനെ ഡി വോട്ടറാക്കി മാറ്റി. 
 
ഇതിനെതിരേ അഭിഭാഷകനായ ജുനൈദ് ഖാലിദ് മുഖേന കേസ് നടത്തിവരികയായിരുന്നു. താന്‍ വിദേശിയല്ലെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ ശരിയായ വിചാരണ പോലും നടത്താതെ ട്രൈബ്യൂണല്‍ വിധി പറയുകയായിരുന്നുവെന്ന് അഭിഭാഷകന്‍ സുപ്രഭാതത്തോട് പറഞ്ഞു. 
 
ഡിസംബര്‍ 13നാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം മൂലം കര്‍ഫ്യൂ ഏര്‍പെടുത്തിയതിനാല്‍ അന്നു ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് കേസ് 30ലേക്കു മാറ്റി. അന്ന് സൊഹൈദുലുമായി താന്‍ ട്രൈബ്യൂണലിലെത്തിയപ്പോള്‍ ട്രൈബ്യൂണല്‍ വിചാരണപോലുമില്ലാതെ നേരെ വിധി പറയുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. 
 
വിധി ഉച്ചയ്ക്കു ശേഷമാണെന്ന് അറിയിച്ചതിനാല്‍ സൊഹൈദുല്‍ വീട്ടിലേക്ക് പോയി. വിധി വരുംമുമ്പു തന്നെ അവിടെ വച്ച് സൊഹൈദുലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ട്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാറും പാന്‍കാര്‍ഡുമുണ്ട്. അതിനെല്ലാമുപരി പിതാവ് സിക്കന്തര്‍ അലിയും മാതാവ് സഫൂറ ഖാത്തൂനും ഇന്ത്യക്കാരാണ്. അവര്‍ ഡി വോട്ടര്‍മാരല്ല. സഹോദരന്‍ മൊയീനുല്‍ ഹഖും ഇന്ത്യക്കാരനാണ്. പിന്നെങ്ങനെ സൊഹൈദുല്‍ മാത്രം വിദേശിയാകുമെന്ന് ജുനൈദ് ഖാലിദ് ചോദിച്ചു. മാതാപിതാക്കള്‍ 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചിരുന്നു. സൊഹൈദുലിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.