2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മികച്ച കരിയറിനായി സോഷ്യല്‍ വര്‍ക്ക് കോഴ്‌സുകള്‍; പഠനാവസരങ്ങളെക്കുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും കൂടുതലറിയാം

മികച്ച കരിയറിനായി സോഷ്യല്‍ വര്‍ക്ക് കോഴ്‌സുകള്‍; പഠനാവസരങ്ങളെക്കുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും കൂടുതലറിയാം

പി.കെ അൻവർ മുട്ടാഞ്ചേരി
കരിയർ വിദഗ്ധൻ anver@live.in

സാമൂഹ്യസേവനം തൊഴില്‍ മേഖലയാക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ശ്രദ്ധേയമായ കരിയറാണ് സോഷ്യല്‍ വര്‍ക്ക്. വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെയും സമൂഹത്തെയും ശാസ്ത്രീയമായ രീതിയില്‍ സഹായിക്കുന്ന പ്രൊഫഷണലുകളാണ് സോഷ്യല്‍ വര്‍ക്കര്‍മാര്‍. ക്ഷമ, അനുകമ്പ, ആശയ വിനിമയശേഷി, സഹായ സന്നദ്ധത, പ്രശ്‌നപരിഹാര ശേഷി, അര്‍പ്പണ ബോധം, അപഗ്രഥന പാടവം തുടങ്ങിയ ഗുണവിശേഷങ്ങളുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയാണിത്.

തൊഴിലില്ലായ്മ, ദാരിദ്ര്യം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷിതത്വം, ശിശുവനിതാ ക്ഷേമം, പുനരധിവാസം തുടങ്ങി നിരവധി മേഖലകളില്‍ ഇടപെടാനുള്ള അവസരമുണ്ടാകും. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, ഫാമിലി ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പഴ്‌സണല്‍ മാനേജ്‌മെന്റ്, റിഹാബിലിറ്റേഷന്‍, കമ്മ്യൂണിറ്റി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ലീഗല്‍ വര്‍ക്ക്, ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, റൂറല്‍ ഡെവലപ്‌മെന്റ്, ലൈവ് ലി ഹുഡ്‌സ് ആന്‍ഡ് സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, കോര്‍ലറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍), ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍, വൊക്കേഷണല്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് തുടങ്ങി നിരവധി സ്‌പെഷലൈസേഷനുകള്‍ ഈ മേഖലയിലുണ്ട്.

   

പഠനാവസരങ്ങള്‍
ബിരുദ,ബിരുദാനന്തര മേഖലകളില്‍ നിരവധി പഠനാവസരങ്ങളുണ്ട്. ബിരുദതലത്തില്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി. എസ്. ഡബ്ല്യു), ബിരുദാനന്തര തലത്തില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം. എസ്.ഡബ്ല്യു), എം.എ സോഷ്യല്‍ വര്‍ക്ക് എന്നീ പ്രോഗ്രാമുകളുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ക്ക് ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ് ടു മതി. ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് ഏതു വിഷയത്തിലുള്ള ബിരുദവും. മികച്ച കരിയറുകളിലെത്താന്‍ ബിരുദാനന്തര ബിരുദ യോഗ്യത നേടണം. തുടര്‍പഠനമാഗ്രഹിക്കുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഗവേഷണാവസരങ്ങളുമുണ്ട്.
പഠനത്തിനായി മികവുറ്റ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, പ്ലെയ്‌സ്‌മെന്റ് തുടങ്ങിയ അവസരങ്ങളുണ്ടാകും. ടാറ്റാ ഇന്‍സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്സ്) മുംബൈ, ഗുവാഹത്തി ക്യാംപസുകള്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, മുംബൈ യൂനിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി, മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മദ്രാസ് ക്രിസ്ത്യന്‍ കോളജ്, നിര്‍മല നികേതന്‍ മുംബൈ, സ്റ്റെല്ലാ മേരീസ് ചെന്നൈ, എം.എസ് യൂനിവേഴ്‌സിറ്റി ബറോഡ, കേരള, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ് , ഹിമാചല്‍ പ്രദേശ്, ജമ്മു, ബിഹാര്‍, തേജ്പൂര്‍, ഇന്ദിര ഗാന്ധി നാഷനല്‍ ട്രൈബല്‍ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയില്‍ വിവിധ പ്രോഗ്രാമുകളുണ്ട്.

സി.യു.ഇ.ടി യു.ജിയും സി.യു.ഇ.ടി പി.ജിയുമാണ് പ്രധാന പ്രവേശന പരീക്ഷകള്‍. എം.എസ് യൂനിവേഴ്‌സിറ്റി ബറോഡയിലും കൊല്ലം അമൃത വിശ്വപീഠത്തിലും അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുണ്ട്. യു.എസ്, യു.കെ, കാനഡ, ജര്‍മനി, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, നോര്‍വേ തുടങ്ങിയ വിദേശരാജ്യങ്ങളിലും സോഷ്യല്‍ വര്‍ക്ക് പഠനത്തിന് മികച്ച സ്ഥാപനങ്ങളുണ്ട് .

കേരളത്തില്‍ പഠിക്കാം
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് കളമശ്ശേരി, മരിയന്‍ കോളജ് കുട്ടിക്കാനം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാലടി, കാലിക്കറ്റ് സര്‍വകലാശാല (വയനാട് യൂനിവേഴ്‌സിറ്റി സെന്റര്‍, ചില അഫിലിയേറ്റഡ് കോളജുകള്‍) , ക്രൈസ്റ്റ് കോളജ്’ ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളജ് കോഴിക്കോട്, അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, വിമല കോളജ് തൃശ്ശൂര്‍, ലിസ കോളജ് കോഴിക്കോട്, ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് തിരുവനന്തപുരം തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍ ലഭ്യമാണ് .

തൊഴിലവസരങ്ങള്‍
സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക സംഘടനകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയില്‍ ജോലി സാധ്യതകളുണ്ട്.
വെല്‍ഫെയര്‍ ഓഫിസര്‍, സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സിലര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫിസര്‍, പ്രോജക്ട് ഓഫിസര്‍, ചാരിറ്റി ഓഫിസര്‍, സോഷ്യല്‍ പോളിസി അനലിസ്റ്റ്, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഓഫിസര്‍,
ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ട്രെയിനര്‍, ലെക്ചറര്‍ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക് കീഴിലും ആകര്‍ഷകമായ അവസരങ്ങളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.