
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐഫോണ്‍ വിവാദത്തില്‍ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആരോപണം മുമ്പ് കോടിയേരി മുമ്പ് തനിക്കെതിരേ ഉന്നയിച്ചിരുന്നു. അതേസമയം, അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ആ ഐഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്നല്ലേ വ്യക്തമായതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സി.പി.എമ്മും കോടിയേരിയും മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തിട്ട് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല. നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡോളര്‍ കടത്ത് വിവാദത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. കസ്റ്റംസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന മൂന്ന് മന്ത്രിമാര്‍ ആരെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നോട്ടീസ് കൊണ്ടു വന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം എത്ര ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് കേസില്‍ ഒരു സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ഇത് സഭക്ക് തന്നെ അന്തസുകേടാണ്. കേരള രാഷ്ട്രീയത്തില്‍ ഇത്തരം എടുക്കാ ചരക്കുകള്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഇത്തരക്കാരാണ് നാടിനും ജനാധിപത്യത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഭാരമായി മാറുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.