ദുബായ്: വീട്ടിൽ പ്രശ്നങ്ങൾ, ഓഫീസിൽ പ്രശ്നങ്ങൾ, ബോസിന്റെ പ്രഷർ, തികച്ചാൽ തികയാത്ത ശമ്പളം, കൂട്ടുകാരുടെ കളിയാക്കലുകൾ, അങ്ങനെയങ്ങനെ ആകെ മൊത്തം പ്രശ്നത്തിലാണോ. കണ്ണിനു മുന്നിൽ കാണുന്ന പാത്രങ്ങളും ജനൽ ചില്ലുകളും ടിവിയും ഫോണും കംപ്യൂട്ടറുമെല്ലാം തല്ലി പൊളിക്കാൻ തോന്നുണ്ടോ. അതുവഴിയെങ്കിലും കലിപ്പ് കുറച്ച് കുറയുമെന്നാണോ. എങ്കിൽ ഒന്നും നോക്കാനില്ല. സ്മാഷ് റൂം ബുക്ക് ചെയ്തോളൂ.
സാധാരണ ഗതിയിൽ അടക്കാനാവാത്ത പ്രഷർ വരുമ്പോൾ എന്തേലും തല്ലി പൊട്ടിക്കുന്നതോ വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതോ പലരും ചെയ്യാറുള്ളതാണ്. എന്നാൽ ഇങ്ങനെ വീട്ടിൽ ഉള്ളതെല്ലാം പൊട്ടിച്ചാൽ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത അടുത്ത പ്രഷറിന് കാരണമാകുകയേ ഒള്ളൂ. അതിനാൽ നമുക്ക് തല്ലിത്തകർക്കാൻ സ്മാഷ് റൂമുകൾ തിരഞ്ഞടുക്കാം. സ്മാഷ് റൂമുകൾ ലോകത്തിന്റെ പലയിടത്തും ഒരുങ്ങി കഴിഞ്ഞു.
നമുക്ക് ദേഷ്യം വരുമ്പോൾ, പ്രഷർ വരുമ്പോൾ എന്തെങ്കിലും തല്ലി പൊട്ടിക്കണമെന്ന് തോന്നിയാൽ ഉടൻ ഒരു സ്മാഷ് റൂം ബുക്ക് ചെയ്‌ത് നേരെ അങ്ങോട്ട് പോയാൽ മതി. അവിടെ നിങ്ങൾക്ക് തല്ലി തകർക്കാനായി വിവിധ തരം വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. ഗ്ലാസ് ഉപകരണങ്ങൾ, ഡിവിഡി പ്ലെയറുകൾ, കമ്പ്യൂട്ടർ, പ്രിന്റർ, ടിവി, വാഷിംഗ് മെഷീൻ, ഗിത്താർ തുടങ്ങി ഒരു വലിയ ലിസ്റ്റ് തന്നെ ഇത്തരത്തിൽ പൊട്ടിക്കാനായി ഒരുക്കിയിട്ടുണ്ട്.
പിരിമുറുക്കം ഒഴിവാക്കാനും സമ്മർദം കുറയ്ക്കാനും സവിശേഷവും രസകരവുമായ ഒരു മാർഗമാണ് ഇതെന്നാണ് ദുബായിയിലെ സ്മാഷ് റൂം ഉടമകൾ പറയുന്നത്. ജോലിയിൽ നിന്നോ പൊതുവെ ജീവിതത്തിൽ നിന്നോ ഉള്ള സമ്മർദ്ദവും നിരാശയും ഒഴിവാക്കാനുള്ള മികച്ച സ്ഥലമാണ് ഞങ്ങളുടെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഇടമെന്ന് അവർ അവകാശപ്പെടുന്നു. ഹിബ ബൽഫഖിഹ്, ഇബ്രാഹിം അബുദ്യക് എന്നീ സുഹൃത്തുക്കൾ ചേർന്നാണ് ദുബായിൽ സ്മാഷ് റൂം ഒരുക്കിയിട്ടുള്ളത്.
തന്റെ മുത്തശ്ശിയെ നഷ്ടമായതിന്റെ ദുഃഖവും സങ്കടവും സഹിക്കാനാവാതിരുന്ന അവസ്ഥയാണ് ഹിബക്ക് ജീവിതത്തിലേക്കുള്ള പുതിയ വഴി തുറന്നത്. അന്ന് തന്റെ ദേഷ്യവും സ്ട്രെസ്സും തീർക്കാൻ ഹിബ വീട്ടിലെ പഴയ വസ്തുക്കൾ എല്ലാം ചേർത്ത് വീടിന്റെ പുറകിൽ കൊണ്ടുപോയി ഇട്ട് തല്ലി തകർത്തു. ഇതിലൂടെയാണ് ഹിബക്ക് അല്പം ആശ്വാസം കിട്ടിയത്. ഇതാണ് പുതിയ ബിസിനസിലേക്ക് ഹിബയെ എത്തിച്ചത്. കൂടെ ഇബ്രഹിമിനെയും കൂട്ടി.
സ്ട്രെസ്സ് കുറക്കുന്നതിനൊപ്പം തന്നെ ഇതൊരു വിനോദപരിപാടി കൂടിയാണ്. തല്ലിത്തകർക്കാൻ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സ്മാഷ് റൂമിനകത്തേക്ക് പ്രവേശനം നൽകുക. ഇതിനായി പ്രത്യേകം വസ്ത്രങ്ങൾ തന്നെയുണ്ട്. ശേഷം ഇഷ്ടമുള്ള ആയുധം തെരഞ്ഞെടുത്ത് ‘പണി’ തുടങ്ങാം. ഇതിനായി ഫീസ് അടക്കേണ്ടതുണ്ട്. ഒറ്റക്കും ഗ്രൂപ്പ് ആയുമെല്ലാം സ്മാഷ് റൂം തെരഞ്ഞെടുക്കാം. കുട്ടികൾക്കും പ്രത്യേക പാക്കേജ് ഉണ്ട്. ദുബായിലെ സ്ഥാപനത്തിന്റെ വിജയത്തെ തുടർന്ന് ഹിബയും ഇബ്രാഹിമും ചേർന്ന് അബുദാബിയിലും പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, തല്ലിപൊളിക്കുന്ന വസ്തുക്കൾ മലിനീകരണത്തിന് കാരണമാകില്ലേ എന്ന ചിന്തയേ ആവശ്യമില്ല. കാരണം ഈ വസ്തുക്കൾ എല്ലാം തന്നെ റീസൈക്കിൾ ചെയ്യും. ഇതുവരെ 70,000 ത്തിലേറെ ഇലക്ട്രോണിക് വസ്തുക്കളും അഞ്ച് ലക്ഷത്തിലേറെ ഗ്ലാസ് വസ്തുക്കളും റീസൈക്കിൾ ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ തല്ലിപൊളിക്കുന്ന വസ്തുക്കളെ കുറിച്ച് വീണ്ടുമൊരു ടെൻഷൻ വേണ്ട.
Comments are closed for this post.