തിരുവനന്തപുരം: വീടുകളില്‍ പഠനസൗകര്യം ലഭ്യമല്ലാത്ത 20,500 ഓളം ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
സാമൂഹ്യ പഠനമുറികള്‍, ഊരു വിദ്യാകേന്ദ്രങ്ങള്‍, വായനശാലകള്‍, അങ്കണവാടികള്‍ തുടങ്ങിയ 1,294 കെട്ടിടങ്ങളില്‍ താല്‍കാലികമായി ഓണ്‍ലെന്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി സൗകര്യമില്ലാത്ത 32 പ്രദേശങ്ങളില്‍ സോളാര്‍ പാനല്‍ സംവിധാനം ഒരുക്കി. സാമൂഹ്യ പഠനമുറിയില്‍ ഫെസിലിറ്റേറ്റര്‍മാര്‍, ഗോത്രബന്ധു പദ്ധതിയിലെ മെന്റര്‍ ടീച്ചര്‍മാര്‍, ഊരിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഇന്റര്‍നെറ്റ്, ഡി.ടി.എച്ച് സൗകര്യം ലഭ്യമല്ലാത്ത കോളനികളില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ വിക്ടേഴ്സ് ചാനല്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് ഊരില്‍ ഒരു പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് പഠനത്തെ സഹായിക്കുന്നുണ്ട്. ഫെസിലിറ്റേറ്റര്‍മാരുടേയും മെന്റര്‍ ടീച്ചര്‍മാരുടേയും സഹായത്തോടെ ഗോത്രഭാഷയില്‍ ക്ലാസ് നല്‍കുന്നുണ്ടെന്നും എ.പി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, സണ്ണി ജോസഫ്, കെ. ബാബു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ഭാഷാ പ്രശ്‌നം പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ട് ഗോത്രബന്ധു പദ്ധതിയില്‍ 297 മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. വയനാട് പാലക്കാട് മേഖലകളിലായാണ് ഇത്രയും അധ്യാപകരെ നിയമിച്ചത്. മലപ്പുറം ജില്ലയില്‍ 29 അധ്യാപകരെ കൂടി നിയമിക്കും. ഇതുവരെ 13,620 കുട്ടികള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോളനികളുടെ നവീകരണത്തിനായുള്ള അംബേദ്ക്കര്‍ പദ്ധതി നിര്‍വഹണത്തില്‍ ചിലയിടങ്ങളില്‍ ചില പോരായ്മകളുണ്ടെന്നും ഇവ പരിഹരിക്കുന്നതിന് നടപടികളാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഏജന്‍സികള്‍ വഴിയാണ് പദ്ധതി നിര്‍വഹണം നടക്കുന്നത്. പല ഏജന്‍സികള്‍ക്കും ഇതിനുള്ള മതിയായ സൗകര്യവും ശേഷിയുമില്ല എന്നത് ശരിയാണ്. പലരും ഉപകരാര്‍ കൊടുക്കുകയാണ്. ഇത്തരത്തില്‍ വിവിധ തട്ടുകളിലെ കമ്മിഷന്‍ കഴിയുമ്പോള്‍ വിചാരിക്കുന്ന പോലുള്ള നേട്ടം കിട്ടണമെന്നില്ല. ഈ സാഹചര്യത്തില്‍ തുടര്‍ന്ന് പദ്ധതികള്‍ ഏജന്‍സികളെ ഏല്‍പ്പിക്കുമ്പോള്‍ അതിന് പ്രാപ്തിയുള്ളവരാണ് എന്ന് ഉറപ്പുവരുത്തിയാകും പദ്ധതി കൈമാറുകയെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.